വനം വകുപ്പില്‍ വനാശ്രിതരായ ആദിവാസി സമൂഹത്തിലെ യോഗ്യരായ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലേക്കും അതാത് ജില്ലയില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികളെ മാത്രമേ പരിഗണിക്കുകയുളളൂ. ഇതിനകം ജില്ല മാറി അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ക്ക് മെയ് 18 നകം സ്വന്തം ജില്ലയില്‍ അപേക്ഷ മാറ്റി നല്‍കാം. ജില്ല മാറി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ നിരസിക്കും.

വയനാട് ജില്ലയിലേക്കുളള 102 ഒഴിവുകളിലേക്ക് ഉപജീവനത്തിനുവേണ്ടി വനത്തെ ആശ്രയിച്ചുകഴിയുന്ന ആദിവാസി സമൂഹത്തിലെ യോഗ്യതയുളള പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. വനം വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കുറഞ്ഞത് 500 ദിവസമെങ്കിലും ജോലി ചെയ്തിട്ടുളള ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി സമൂഹത്തിലെ പട്ടിക വര്‍ഗ്ഗക്കാരായ പുരുഷന്‍മാരും സ്ത്രീകളുമായിട്ടുളള ദിവസവേതനക്കാര്‍ക്ക് അപേക്ഷിക്കാം. ഈ വിഭാഗത്തില്‍ വയനാട് ജില്ലയില്‍ 68 ഒഴിവുകളുണ്ട്. മെയ് 18 നകം സ്വന്തം ജില്ലയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് വിജ്ഞാപനപ്രകാരമുളള യോഗ്യതാപ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ് ലോഡ് ചെയ്യണം.