ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല തദ്ദേശ സ്ഥാപന ജനപ്രതിനിധികൾക്കു വേണ്ടി നടത്തിയ സർട്ടിഫിക്കറ്റ് കോഴ്സിൽ വിജയിച്ചവരെ തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അഭിനന്ദിച്ചു. അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിർവഹണവും എന്ന ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഫലമാണ് പുറത്തുവന്നത്. ആലപ്പുഴ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചറിനാണ് ഒന്നാം റാങ്ക്. നാന്നൂറിൽ 381 മാർക്ക് നേടിയായിരുന്നു വിജയം. കണ്ണൂർ അഴീക്കോടെ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ മിനി കെ കെ രണ്ടാം റാങ്കും, കോട്ടയം വെളിയന്നൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജിമ്മി ജെയിംസ് മൂന്നാം റാങ്കും നേടി. അധികാര വികേന്ദ്രീകരണത്തെയും പ്രാദേശിക ഭരണ നിർവഹണത്തെയും കുറിച്ചുള്ള അവബോധം, തദ്ദേശ ഭരണത്തിൽ ജനപ്രതിനിധികൾക്ക് കരുത്താകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 2117 തദ്ദേശ സ്ഥാപന ജനപ്രതിനിധികളാണ് പരീക്ഷ എഴുതിയത്. ഓപ്പൺ സർവകലാശാലയും കിലയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സംയുക്തമായാണ് കോഴ്സ് സംഘടിപ്പിച്ചത്.