* ചിറകുകൾ നൽകി സർക്കാർ
* എസ് സി വിദ്യാർത്ഥികൾക്ക് സൗജന്യ പൈലറ്റ് പഠനം
പറക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്. വിമാനത്തിൻ ചിറകിലേറി ലോകം ചുറ്റാൻ ആഗ്രഹിക്കുന്നവർക്കൊപ്പം വിമാനം പറത്താൻ ആഗ്രഹിക്കുന്നവരും കുറവല്ല. സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ പൈലറ്റ് ആഗ്രഹം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ് വിങ്സ് പദ്ധതിയിലൂടെ കേരള സർക്കാർ. വിദ്യാർത്ഥികൾക്ക് സൗജന്യ പൈലറ്റ് പഠനത്തിനുള്ള എല്ലാ നടപടിക്രമങ്ങളും പദ്ധതിയിലൂടെ സൗജന്യമായി നടപ്പാക്കുകയാണ് സംസ്ഥാന പട്ടികജാതി വകുപ്പ്.
തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പൈലറ്റ് പഠനത്തിന് യോഗ്യത നേടുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ കോഴ്സിന്റെ മുഴുവൻ തുകയുമാണ് സർക്കാർ ഏറ്റെടുത്തത്. കോഴ്സിന്റെ ഭാരിച്ച തുക താങ്ങാനാവാതെ വിഷമിച്ച വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും വേദന മനസ്സിലാക്കി സർക്കാരിന്റെ അടിയന്തിര ഇടപെടലിലൂടെയാണ് വിങ്സ് പദ്ധതിക്ക് തുടക്കമായത്. ഏവിയേഷൻ അക്കാദമിയിൽ പട്ടികവിഭാഗത്തിൽ നിന്ന് യോഗ്യത നേടിയ അർഹതയുള്ള ഒരു വിദ്യാർത്ഥിയുടെ മുഴുവൻ ഫീസും മുൻപ് സർക്കാർ ഏറ്റെടുത്തിരുന്നു. ഇത്തവണ അഞ്ച് വിദ്യാർത്ഥികളാണ് എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ കോഴ്സിന് യോഗ്യത നേടിയത്. താമസവും ഭക്ഷണവും ഉൾപ്പെടെ 30 ലക്ഷം രൂപയാണ് പഠനം പൂർത്തിയാക്കാൻ വേണ്ടത്.
വിങ്സ് പദ്ധതി ആരംഭിച്ചശേഷമുള്ള ആദ്യ അഞ്ചുപേരുടെ പഠന ചെലവാണ് പട്ടികജാതി വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഇതിൽ നാല് പേർക്ക് വാണിജ്യ വിമാനം പറത്താനാണ് അഗ്രഹമെങ്കിൽ രാജ്യസേവനാർത്ഥം പ്രതിരോധ സേനയുടെ ഭാഗമാകാനാണ് അഞ്ചാമത്തെയാൾക്ക് ആഗ്രഹം. പൈലറ്റ് കോഴ്സിന് വരും വർഷങ്ങളിൽ യോഗ്യത നേടുന്ന പട്ടികവിഭാഗക്കാരായ എല്ലാ വിദ്യാർത്ഥികളുടേയും ഫീസ് സർക്കാർ വഹിക്കും. ഒരു ജനതയ്ക്ക് ഉയരങ്ങളിലേക്ക് പറക്കാൻ ചിറകുകൾ നൽകുകയാണ് സംസ്ഥാന സർക്കാർ.