സംസ്ഥാനം അഭൂതപൂർവ്വമായ കാലവർഷക്കെടുതി നേരിടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആർ.എഫ്) ഉദാരമായി സംഭാവന നൽകാൻ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. മനുഷ്യജീവനുകൾ, വീടുകൾ, കൃഷി, റോഡുകൾ മറ്റു വസ്തുവകകൾ എന്നിവയ്ക്ക് ഭീമമായ നഷ്ടമാണ് കുറച്ചുദിവസങ്ങൾക്കകമുണ്ടായത്. ദുരന്തം നേരിടാൻ എല്ലാവരും കൈകോർത്തു നിൽക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു അഭ്യർത്ഥനയുമില്ലാതെ ധാരാളം വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സംഭാവന നൽകുന്നുണ്ട്. അവരോടെല്ലാം മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു. ദുരിതാശ്വാസത്തിന് കർണാടക സർക്കാർ 10 കോടി രൂപയും തമിഴ്‌നാട് 5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇരു സർക്കാരുകളെയും മുഖ്യമന്ത്രി നന്ദി അറിയിച്ചു.

ജൂലൈ 26 മുതൽ ആഗസ്റ്റ് 9 വരെയുളള ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.75 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്.