മഴക്കെടുതിയുടെ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ ആരംഭിച്ച സംസ്ഥാനതല ദുരന്തനിവാരണ കോഓര്‍ഡിനേഷന്‍ സെല്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ഓഫീസിലാണ് സെല്‍ പ്രവര്‍ത്തിക്കുന്നത്.
ആഗസ്റ്റ് 10 വൈകിട്ട് ഏഴ് മണിയോടെയാണ് മുഖ്യമന്ത്രിയെത്തിയത്. ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി. ജയരാജന്, പ്രിന്‍സിപ്പല്‍ സെക്രട്ടറി കോഓര്‍ഡിനേഷന്‍ വി. എസ്. സെന്തില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
ആര്‍മി, നേവി, എയര്‍ഫോഴ്സ്, എന്‍. ഡി. ആര്. എഫ്, കോസ്റ്റ്ഗാര്‍ഡ്, പോലീസ്, മിലിട്ടറി എന്‍ജിനിയറിംഗ് ഗ്രൂപ്പ്, ഡിഫന്‍സ് സര്‍വീസ് കോര്‍പ്സ്, ദുരന്ത നിവാരണ വകുപ്പിലെ വിദഗ്ധര്‍ എന്നിവരടങ്ങിയ സംഘമാണ് സെല്ലില്‍ പ്രവര്‍ത്തിക്കുന്നത്. എന്‍. ഡി. ആര്. എഫ് കമാന്‍ഡര്‍ രേഖ നമ്പ്യാരും സെല്ലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.
കൃത്യമായ മോണിറ്ററിംഗാണ് സെല്ലില്‍ നടക്കുന്നത്. രക്ഷാസേനയുടെ സേവനം ആവശ്യമുള്ളയിടങ്ങളിലേക്ക് മാറ്റുന്നതിനുള്ള നിര്‍ദ്ദേശവും ഇവിടെ നിന്ന് നല്കുന്നു. വിവിധ ജില്ലകളില്‍ നിന്നുള്ള വിവരങ്ങള്‍ പി. ടി. പി നഗറില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന് സെന്ററില്‍ നിന്ന് സെല്ലിന് ലഭിക്കുന്നു. അതനുസരിച്ച് ആവശ്യമായ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്കുന്നു. ഭൂമിശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, പബ്ളിക് ഹെല്‍ത്ത്, അന്തരീക്ഷ ശാസ്ത്രം, കാലാവസ്ഥ, ദുരന്ത നിവാരണം തുടങ്ങി വിവിധ മേഖലയിലെ വിദഗ്ധരും സെല്ലില്‍ പ്രവര്‍ത്തിക്കുന്നു.