ക്യാമ്പുകളിൽ ശുദ്ധജലമെത്തിക്കാൻ നിർദേശം
ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ വൈകീട്ട് വിലയിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പുകളിൽ കഴിയുന്നവർക്കും വെള്ളപ്പൊക്കം കാരണം ഒറ്റപ്പെട്ട് വീടുകളിൽ കഴിയുന്നവർക്കും കുടിവെള്ളം ലഭ്യമാക്കാൻ നിർദേശിച്ചു.
ജില്ലാ ഭരണാധികാരികളുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് വാട്ടർ അതോറിറ്റി ശുദ്ധജലം ലഭ്യമാക്കണം. വിവിധ ജില്ലകളിലായി വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 53,500 പേർ ക്യാമ്പുകളിലുണ്ട്. എറണാകുളത്ത് മാത്രം 7,500 വീട്ടുകാരെ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുളളത്. എറണാകുളത്ത് ഇതിനകം തന്നെ മൂവായിരത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.
അവലോകന യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാൾ, കെ.എസ്.ഇ.ബി. ചെയർമാൻ എൻ.എസ്. പിള്ള, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ തുടങ്ങിയവർ പങ്കെടുത്തു.
എറണാകുളം ജില്ലയിലെ രക്ഷാപ്രവർത്തവും പുനരധിവാസ പ്രവർത്തവും ഏകോപിപ്പിക്കുന്നതിന് മുഹമ്മദ് ഹനീഷ്, രാജമാണിക്യം എന്നീ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിക്കാൻ തീരുമാനിച്ചു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെയും താൽക്കാലികമായി ഈ ജില്ലയിലേക്ക് നിയോഗിക്കും. ലാന്റ് റവന്യൂ കമ്മീഷണർ എ.ടി. ജെയിംസിനെ വയനാട് ജില്ലയിലേക്ക് നിയോഗിക്കാനും തീരുമാനിച്ചു. ഇവിടേക്കും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിക്കുന്നുണ്ട്.
മുഖ്യമന്ത്രി ശനിയാഴ്ച ഹെലികോപ്ടറിൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മേഖലകളിലാണ് സന്ദർശനം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ എന്നിവർ കൂടെയുണ്ടാകും.
ഇടുക്കി അണക്കെട്ടിൽ നിന്ന് 750 ക്യൂമെക്‌സ് വെള്ളമാണ് ഇപ്പോൾ തുറന്നുവിടുന്നത്. നീരൊഴുക്ക് ശക്തമാണെങ്കിലും ജലനിരപ്പ് കൂടുന്നത് നിന്നിട്ടുണ്ട്. ശക്തമായ മഴ തുടരുകയാണെങ്കിൽ മാത്രമേ അണക്കെട്ടിൽനിന്ന് കൂടുതൽ തോതിൽ വെള്ളം തുറന്നുവിടേണ്ടി വരൂ എന്ന് യോഗം വിലയിരുത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി ഞായറാഴ്ച പ്രളയബാധിത മേഖലകൾ സന്ദർശിക്കാനെത്തുമ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുളള മന്ത്രിമാർ എറണാകുളം ഗസ്റ്റ് ഹൗസിൽ അദ്ദേഹവുമായി ചർച്ച നടത്തും.