കാൻസർ ചികിത്‌സാ കേന്ദ്രങ്ങളും മെഡിക്കൽ കോളേജുകളും മറ്റു സർക്കാർ ആശുപത്രികളും ഉൾപ്പെടുത്തി സംസ്ഥാനത്തെ കാൻസർ ചികിത്‌സ വികേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർദ്രം രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സർക്കാർ ആശുപത്രികളിലും ആഴ്ചയിൽ ഒരു ദിവസം കാൻസർ പ്രാരംഭ പരിശോധനാ ക്‌ളിനിക്കുകൾ ആരംഭിക്കും. പ്രത്യേക ആപ്പ്, രജിസ്ട്രി, പോർട്ടൽ എന്നിവ ഇതിനായി തയ്യാറാക്കും. ആർദ്രം പദ്ധതിയിലെ സംസ്ഥാന കാൻസർ നിർണയ പദ്ധതിയുടെ ഭാഗമായി കാൻസർ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താനുള്ള സൗകര്യം സർക്കാർ ആശുപത്രികളിൽ ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ മൂന്നു ജില്ലകളിൽ നേരത്തെ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. ഇത് സംസ്ഥാനമാകെ വ്യാപിപ്പിക്കുകയാണ്.

30 വയസിന് മുകളിലുള്ള എല്ലാവരിലും ജീവിതശൈലി രോഗം കണ്ടെത്താനും കാരണം അറിയാനുമുള്ള വിവരശേഖരണം ആശാവർക്കർമാരെ ഉപയോഗിച്ച് നടത്തും. മൊബൈൽ ആപ്പ് ഉപയോഗിച്ച് വിവരം ശേഖരിക്കും. ആദ്യ ഘട്ടത്തിൽ ഓരോ നിയോജക മണ്ഡലങ്ങളിലെയും ഒരു പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയിലാവും പദ്ധതി നടപ്പാക്കുക. ഘട്ടംഘട്ടമായി ഇത് എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജന്തുജന്യ രോഗങ്ങളുടെ കാരണം കണ്ടെത്താനും പ്രതിരോധിക്കാനുമായാണ് വൺ ഹെൽത്ത് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളിൽ പദ്ധതി രൂപീകരിക്കാൻ പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനാരോഗ്യ രംഗത്തിനായി 2629 കോടി രൂപയാണ് കഴിഞ്ഞ ബഡ്ജറ്റിൽ സർക്കാർ നീക്കിവച്ചത്. മുൻ വർഷത്തേക്കാൾ 288 കോടി രൂപയാണ് അധികമായി നീക്കി വച്ചിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്കായി 50 കോടി      രൂപയും വിവിധ കാൻസർ കേന്ദ്രങ്ങൾക്കായി 123 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പാലിയേറ്റീവ് ചികിത്‌സാ സമഗ്ര പദ്ധതിക്കായി അഞ്ചു കോടി രൂപയും കാരുണ്യ      ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ സഹായത്തിനായി 500   കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി എന്നിവയ്ക്കായി 250 കോടി രൂപയാണ് വകയിരുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.