* 700 സി.എൻ.ജി. ബസ്സുകൾ വാങ്ങാൻ അനുമതി

കിഫ്ബിയിൽ നിന്നും 4 ശതമാനം പലിശ നിരക്കിൽ 455 കോടി രൂപ വായ്പ ലഭ്യമാക്കിക്കൊണ്ട് പുതിയ 700 സി.എൻ.ജി. ബസ്സുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സി.ക്ക് അനുമതി നൽകി.

*പട്ടികവിഭാഗ പദ്ധതികളുടെ മേൽനോട്ടത്തിന് മോണിറ്ററിംഗ് കമ്മിറ്റികൾ

പട്ടികജാതി -പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികളുടെ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തിൽ മോണിട്ടറിംഗ് കമ്മിറ്റികൾ രൂപീകരിക്കും.

ജില്ലാ പട്ടികജാതി വികസന ഓഫീസർ / അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ എന്നിവർക്കാണ് ചുമതല. സ്ഥലം എം.എൽ.എ. ചെയർമാനും പട്ടികജാതി വികസന ഓഫീസർ കൺവീനറുമായിരിക്കും.

അംഗങ്ങൾ : 1) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, സെക്രട്ടറിമാർ (2) ബന്ധപ്പെട്ട ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, (3) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പട്ടികജാതി / പട്ടികവർഗ്ഗ അംഗങ്ങൾ, (4) പ്രോജക്ട് ഓഫീസർ / ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ (5) ബ്ലോക്ക് / മുൻസിപാലിറ്റി / കോർപ്പറേഷനിലെ തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗ മേധാവികൾ.

* രാമുവിന് ലൈഫ് വഴി വീട്

കീഴടങ്ങിയ മാവോയിസ്റ്റ് പ്രവർത്തകൻ കർണ്ണാടക സ്വദേശി ലിജേഷ് എന്ന രാമുവിന്റെ പുനരധിവാസത്തിന് ലൈഫ് മിഷൻ പദ്ധതിയിൽ എറണാകുളത്ത് വീട് നിർമ്മിച്ചു നൽകും.

* 45 കോടി രൂപയുടെ വായ്പാ ധനസഹായം ലഭ്യമാക്കും

ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷനിൽ (എൻ.ബി.സി.എഫ്.ഡി.സി) നിന്നും 45 കോടി രൂപയുടെ വായ്പാ ധനസഹായം ആർട്ട്കോ ലിമിറ്റഡ് (ആർട്ടിസാൻസ് ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്) വഴി അംഗങ്ങളായ ദരിദ്ര പിന്നാക്ക വിഭാഗങ്ങൾക്ക് ലഭ്യമാക്കാനായി സർക്കാരിന്റെ ബ്ലോക്ക് ഗവൺമെന്റ് ഗ്യാരന്റിക്ക് വ്യവസ്ഥകൾക്കു വിധേയമായി അനുമതി നൽകി.

* ശുപാർശകൾ അംഗീകരിച്ചു

നാലാം ഭരണപരിഷ്‌ക്കാര കമ്മീഷന്റെ 9-ാമത് റിപ്പോർട്ടിലെ ശുപാർശകൾ മന്ത്രിസഭായോഗം അംഗീകരിച്ചു.

* തസ്തിക സൃഷ്ടിച്ചു

ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ 46 തസ്തികകൾ സൃഷ്ടിക്കും. (സെക്ഷൻ ഓഫീസർ 7, അസിസ്റ്റന്റ് – 28, കമ്പ്യൂട്ടർ അസിസ്റ്റന്റ് – 11)

കണ്ണൂർ സർവകലാശാലയിൽ 36 അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

കേരള റിയൽ എസ്റ്റേറ്റ് അപ്പലറ്റ് ട്രിബ്യൂണലിൽ കരാർ അടിസ്ഥാനത്തിൽ ഒരു ഓഫീസ് അറ്റൻഡന്റ് തസ്തിക കൂടി സൃഷ്ടിക്കാൻ തീരുമാനിച്ചു.

വിവര പൊതുജന സമ്പർക്ക വകുപ്പിൽ 2018 ൽ സൃഷ്ടിച്ച പത്രപ്രവർത്തക പെൻഷൻ സെക്ഷന് അനുവദിച്ച ഡെപ്യൂട്ടി ഡയറക്ടർ തസ്തികയ്ക്ക് തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.

* ശമ്പള പരിഷ്‌ക്കരണം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ ജീവനക്കാർക്കും കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാർക്കും 11-ാം ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാൻ തീരുമാനിച്ചു.