തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി തയ്യാറാക്കുന്നു

വാമനപുരം നദിയുമായി ബന്ധപ്പെട്ടുള്ള കുടിവെള്ള പദ്ധതികളെ സംരക്ഷിക്കുകയും അനുബന്ധ ജലസ്രോതസ്സുകളുടെ ശുചിത്വം ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയാണ് ‘നീര്‍ധാര’യെന്ന് ഡി.കെ മുരളി എം.എല്‍.എ. വാമനപുരം നദിയുടെ സംരക്ഷണം, അനുബന്ധ ജല സ്രോതസുകളുടെ ശുചിത്വ പരിപാലനം, കുളം റീചാര്‍ജ്ജിങ് എന്നിവയിലൂടെ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തിക്കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ‘വാമനപുരം നദിക്കായി നീര്‍ധാര ജനകീയ പദ്ധതി’യുടെ  ആദ്യ ശില്പശാലയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദമായ പദ്ധതി റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിച്ചു.

പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കുന്നതിന് നദി ഒഴുകുന്ന ഗ്രാമ പഞ്ചായത്തുകള്‍ സാധ്യതകള്‍ പരിശോധിച്ച് മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ നിര്‍ദ്ദേശിച്ചു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി 2022 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ‘നീര്‍ധാര’ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജൂണ്‍ അവസാന വാരത്തില്‍ പദ്ധതിയുടെ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ജൂണ്‍ 15 മുതല്‍ പ്രാദേശിക ജനകീയ സമിതി രൂപീകരണ കണ്‍വെന്‍ഷനും ജൂലൈ പകുതിയോടെ മധ്യതല ജനകീയ കണ്‍വെന്‍ഷനും നടക്കും. ജൂണ്‍ ഒന്ന് മുതല്‍ 10 വരെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കേണ്ട ചുമതലകളെ സംബന്ധിച്ച ചര്‍ച്ച സംഘടിപ്പിക്കാനും ശില്പശാലയില്‍ തീരുമാനമായി.