പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കാസർഗോഡ് ജില്ലയിലെ കരിന്തളത്ത് പ്രവർത്തനമാരംഭിക്കുന്ന ഏകലവ്യ സ്‌പോർട്‌സ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ആറാം ക്ലാസിൽ പ്രവേശനം നൽകുന്നതിനായി കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പട്ടികവർഗ വിദ്യാർഥികൾക്കായി സെലക്ഷൻ ട്രയൽസ് നടത്തും.നിലവിൽ അഞ്ചിൽ നിന്ന് ആറിലേക്ക് വിജയിച്ച, സ്‌പോർട്‌സിൽ മികവു തെളിയിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്കാണ് പ്രവേശനം. 30 വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകും. സിബിഎസ്ഇ സിലബസിൽ ആയിരിക്കും പഠനം. നിലവിൽ സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർഥികളേയും പരിഗണിക്കും. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് പ്ലസ്ടു വരെ സ്ഥാപനത്തിൽ തുടരാം. സിലബസ് പ്രകാരമുള്ള പഠനത്തിനു പുറമേ അത്‌ലറ്റിക്‌സ്, വിവിധ ഗെയിംസ് എന്നിവയിൽ ശാസ്ത്രീയ പരിശീലനവും ലഭിക്കും.
കാസർഗോഡ് പരവനടുക്കം മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ പെൺകുട്ടികൾക്ക് 25 ന് രാവിലെ 9 മുതൽ ട്രയൽസ് നടക്കും. പട്ടികവർഗക്കാരാണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്‌കൂൾ, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ ആയതിന്റെ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും ഒരു രക്ഷിതാവിനും യാത്രാബത്ത അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ ബന്ധപ്പെടണം. ഫോൺ: 0471 2303229.