കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡ് പ്രവർത്തനം തുടങ്ങി

ഉത്സവാന്തരീക്ഷത്തിൽ നാടാകെ ഒത്തുചേർന്ന ചടങ്ങിൽ കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡിൻ്റെ പ്രവർത്തനത്തിന് തുടക്കം. ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വരവേൽക്കാൻ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനു പേരാണ് വെള്ളൂരിലെ കമ്പനി അങ്കണത്തിലെത്തിയത്. അയ്യായിരം പേർക്കുള്ള ഉദ്ഘാടന വേദിയാണ് ഒരുക്കിയിരുന്നത്. രാവിലെ പത്തിനു തന്നെ സദസ് നിറഞ്ഞിരുന്നു. കെ.പി.പി.എല്ലിൻ്റെ മുഖ്യകവാടത്തിലെത്തിയ മുഖ്യമന്ത്രി ലോഗോ പ്രകാശനം നിർവഹിച്ചു. കമ്പനിയുടെ ഒന്നാംനിലയിലെത്തി സ്വിച്ച് ഓൺ നിർവഹിച്ചു. പുതുതായി ഉത്പാദിപ്പിച്ച പേപ്പർ റോളിൽ ഒപ്പു ചാർത്തിയശേഷമാണ് ഉദ്ഘാടന വേദിയിലെത്തിയത്. കടലാസ് കൊണ്ട് തീർത്ത ഇൻസ്റ്റലേഷൻ സന്ദർശിച്ച ശേഷം വേദിയിലെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജനപ്രതിനിധികളെയും ജനങ്ങൾ ഹർഷാരവത്തോടെ സ്വീകരിച്ചു.
നാടിൻ്റെ സ്നേഹോപഹാരമായി
വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലൂക്ക് മാത്യുവിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ മുഖ്യമന്ത്രിക്ക് നിറപറ നൽകി. എസ്. സന്ദീപിൻ്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ സ്നേഹോപഹാരം
മുഖ്യമന്ത്രിക്ക് കൈമാറി.