മാനന്തവാടി: ഉരുള്‍പൊട്ടലില്‍ ദമ്പതികള്‍ മരിച്ച തലപ്പുഴ മക്കിമലയിലെ മുഴുവന്‍ കുടുംബങ്ങളെയും ഒഴിപ്പിച്ചു. പ്രദേശത്ത് വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്താണ് നടപടി. ഉരുള്‍പൊട്ടിയ സ്ഥലത്തുനിന്നും ഒന്നര കിലോമീറ്ററോളം ദൂരം വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. 117 കുടുംബങ്ങളില്‍ നിന്നും 304 പേരെയാണ് പുതിയിടം കുസുമഗിരി എല്‍.പി. സ്‌കൂളിലേക്കാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഉരുള്‍പൊട്ടലില്‍ മരിച്ച ദമ്പതികളുടെ മൂന്നു മക്കളും ക്യാമ്പിലുണ്ട്. മണ്ണിടിഞ്ഞും മലവെള്ളപ്പാച്ചിലിലും ഗതാഗതം തടസ്സപ്പെട്ടു മക്കിമല പ്രദേശം പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലാണ്. മക്കിമലയിലേക്കെത്താനുള്ള പ്രധാന പാതയായ തലപ്പുഴ നാല്‍പ്പത്തിനാല്‍ – കൈതക്കൊല്ലി റോഡിലെ വയനാംപാലത്തോട് ചേര്‍ന്ന് റോഡ് രണ്ടായി പിളര്‍ന്ന് പുഴ ഗതിമാറി ഒഴുകുകയാണ്. മക്കിമല – ആറാംനമ്പര്‍ റോഡും മണ്ണിടിഞ്ഞ് തടസ്സപ്പെട്ടു. കൈതക്കൊല്ലി – കമ്പമല റോഡിലെ പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു. മക്കിമലയില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രദേശങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലും പലയിടങ്ങളിലും ചെറിയ തോതില്‍ മണ്ണിടിഞ്ഞു. വലിയകുന്നിലെ മണ്ണിടിച്ചിലില്‍ മലവെള്ളം കുത്തിയൊഴുകി മാനന്തവാടി – തലശ്ശേരി പാതയിലെ ചുങ്കത്ത് വീടുകളിലടക്കം വെള്ളം കയറി. മരംവീണും മണ്ണിടിഞ്ഞും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതിനാല്‍ വൈദ്യുതി ബന്ധവും തകരാറിലായി. തവിഞ്ഞാല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റോഡുകളിലെ തടസം നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എക്സ്‌കവേറ്റര്‍ കൊണ്ട് കല്ലും മണ്ണും നീക്കുകയാണ്. പഞ്ചായത്ത്, റവന്യൂ അധികൃതര്‍ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്. മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് ഭക്ഷണവും കമ്പിളിയും ഉള്‍പ്പെടെയുള്ളവ നല്‍കി. മെഡിക്കല്‍ സംഘം ക്യാമ്പില്‍ പരിശോധന നടത്തി.