അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും സംയുക്തമായി ചെന്നൈയിൽ ഇന്ന് (22 മേയ്) സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തിൽ കേരളത്തിലെ രണ്ടു പഞ്ചായത്തുകളിൽ നിന്ന് നാലുപേർ പ്രതിനിധികളായി പങ്കെടുക്കും. യുണൈറ്റഡ് നേഷൻസ് ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ (യു.എൻ.ഡി.പി.) ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്‌സ്‌കേപ്പ് പദ്ധതിയിൽ (ഐ.എച്ച്.ആർ.എം.എൽ.) ഉൾപ്പെടുത്തി നവകേരളം കർമപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഇടുക്കിയിലെ മറയൂർ ഗ്രാമപഞ്ചായത്ത്, തൃശൂർ ജില്ലയിലെ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി അനുഭവം പങ്കിടാനും പഞ്ചായത്തിന്റെ പിന്തുണയോടെ ഐ.എച്ച്.ആർ.എം.എൽ. പദ്ധതി പ്രകാരം വികസിപ്പിച്ചെടുത്ത ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുവാനുമാണ് അവസരം.
ബയോഡൈവേഴ്‌സിറ്റി ബോർഡുമായി ഏകോപിപ്പിച്ചാണ് വിവിധ പ്രവർത്തനങ്ങൾ പഞ്ചായത്തുകളിൽ സംഘടിപ്പിച്ചത്. ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിജേഷ് കെ., സി.ഡി.എസ്. ചെയർപേഴ്‌സൺ നടാഷ വിജയൻ, മറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെൻട്രി ജോസഫ്, സി.ഡി.എസ്. ചെയർപേഴ്‌സൺ സിനി പുന്നൂസ് എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. യു.എൻ.ഡി.പി. ക്ലസ്റ്റർ കോർഡിനേറ്റർ ശിൽപ ഇവരെ അനുഗമിക്കും.
അതിരപ്പിള്ളിയിലെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പ്രാദേശിക കർമപദ്ധതി, ഹരിത ഇടനാഴി, മറയൂരിലെ കരിമ്പ് കൃഷിയിൽ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കാൻ നടപ്പാക്കിയ സംരംഭം, പരമ്പരാഗത ജൈവകൃഷി, മാലിന്യ ശേഖരണത്തിനും വേർതിരിക്കലിനും കുടുംബശ്രീ, ഹരിതകർമ്മസേന അംഗങ്ങളുടെ നേതൃത്വത്തിൽ അനുവർത്തിച്ചുവരുന്ന വികേന്ദ്രീകൃത മാലിന്യസംസ്‌കരണ സംവിധാനങ്ങൾ തുടങ്ങിയവ സമ്മേളനത്തിൽ പ്രതിനിധികൾ അവതരിപ്പിക്കും. യു.എൻ.ഡി.പി.യുടേയും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും സ്റ്റാളുകളിലാണ് ഉത്പ്പന്നങ്ങളുടെ പ്രദർശനം.