സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വന്നിട്ടുള്ള അംഗങ്ങളുടെ ആകസ്മിക ഒഴിവുകള്‍ നികത്തുന്നതിനായി ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഇടുക്കി ജില്ലയില്‍ ജി-21 രാജകുമാരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (കുംഭപ്പാറ), ജി-37 വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (അച്ചന്‍കാനം) എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. ഈ വാര്‍ഡുകള്‍ സ്ത്രീ സംവരണ വാര്‍ഡുകളാണെന്നും ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡുകളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളതാണെന്നും ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ആക്ഷേപങ്ങളും പരാതികളുമുണ്ടെങ്കില്‍ ജൂണ്‍ എട്ടിനകം ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് (പഞ്ചായത്ത് സെക്രട്ടറി) സമര്‍പ്പിക്കണം. ജൂണ്‍ 17 ന് വോട്ടര്‍ പട്ടിക അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കും. 18 ന് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ മാനദണ്ഡ പ്രകാരം പുതുക്കുന്നതിന് എല്ലാ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരും തുടര്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.