സ്ത്രീകൾക്കായുള്ള പല നിയമങ്ങളും നിയമ നിർമാണ സഭകളിൽ പാസാക്കുന്നുണ്ടെങ്കിലും അവ നടപ്പിലാക്കുന്നതിൽ നമ്മുടെ രാജ്യം പിന്നിലാണെന്ന് പശ്ചിമ ബംഗാൾ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശശി പഞ്ച. കേരള നിയമസഭ സംഘടിപ്പിച്ച വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തിൽ ‘സ്ത്രീകളുടെ അവകാശങ്ങളും നിയമവ്യവസ്ഥയിലെ വിടവുകളും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം, ശൈശവ വിവാഹ നിരോധന നിയമം, വിദ്യാഭ്യാസ അവകാശ നിയമം തുടങ്ങിയ പല നിയമങ്ങളും രാജ്യത്ത് നിലനിൽക്കുന്നുണ്ടെങ്കിലും അവ കാര്യക്ഷമമായി നടപ്പിലാക്കുന്നതിൽ പിഴവുകൾ ഉണ്ടാകുന്നുണ്ട്.
വീടുകളിലും വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾ വിവേചനം നേരിടുന്നു.

വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും സ്ത്രീകൾക്ക് നൽകുന്ന ആത്മവിശ്വാസം വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് ശശി പഞ്ച അഭിപ്രായപ്പെട്ടു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ, ഡൽഹി ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർള, രാജസ്ഥാൻ മുൻ മന്ത്രിയും എംഎൽഎയുമായ അനിത ഭാട്ടീൽ എന്നിവർ വിഷയാവതരണം നടത്തി.
നിയമ സംവിധാനത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യം കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്ന് ജസ്റ്റിസ് അനു ശിവരാമൻ പറഞ്ഞു. 1961ൽ സ്ത്രീധന നിരോധന നിയമം നിലവിൽ വന്നെങ്കിലും ഇപ്പോഴും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് നിയമത്തിലെ പഴുതുകൾ കൊണ്ടാണെന്നും അനു ശിവരാമൻ ചൂണ്ടിക്കാട്ടി.
പെൺകുട്ടികൾ വിദ്യാഭ്യാസം നേടേണ്ടതിന്റെയും സ്ത്രീസംരക്ഷണ നിയമങ്ങളെക്കുറിച്ച് അവബോധരാകേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി ഡൽഹി ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർള സംസാരിച്ചു. സെമിനാറിൽ എംഎൽഎ അഡ്വ. കെ ശാന്തകുമാരി സ്വാഗതവും മുൻ എംഎൽഎ ഇ.എസ് ബിജിമോൾ നന്ദിയും പറഞ്ഞു.