തിരുവനന്തപുരം: ജില്ലയിലെ വിവിധ സംരംഭകരുടെ ഉത്പന്നങ്ങളും സര്‍ക്കാര്‍ സേവനങ്ങളും അണിനിരത്തി കനകക്കുന്നില്‍ വെള്ളിയാഴ്ച ആരംഭിച്ച ‘എന്റെ കേരളം’ മെഗാ മേളയില്‍ ആഘോഷ നിറവ്. കോവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് മോചിതമായി വരുന്ന നഗര-ഗ്രാമ ജീവിതങ്ങള്‍ക്ക് പുതുജീവന്‍ പകരുന്നതാണ് പ്രദര്‍ശനം. വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍ വകുപ്പും ജില്ല ഭരണ സംവിധാനവുമാണ് പരിപാടികളുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്. ‘എന്റെ കേരളം’ പ്രദര്‍ശന – വിപണന – സേവന മേളയില്‍ 150 സ്റ്റാളുകളിലായി വിവിധ ഉത്പന്നങ്ങള്‍ വാങ്ങാം.

പൊതുജനങ്ങള്‍ക്ക് സൗജന്യമായി തത്സമയ സേവനങ്ങള്‍ നല്‍കുന്നതിന് പതിനഞ്ചോളം വകുപ്പുകള്‍ ഒരുക്കുന്ന 20 ഓളം സേവന സ്റ്റാളുകള്‍, സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്ന 104 പ്രദര്‍ശന സ്റ്റാളുകള്‍, ചെറുകിട സംരംഭകരുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ കഴിയുന്ന 150 ഓളം വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നിവ മേളയുടെ ഭാഗമാകും. മേളയിലേക്കുള്ള പ്രവേശനം രാവിലെ 10 മുതല്‍ വൈകീട്ട് 10 വരെയായിരിക്കും. വൈകീട്ട് ആറ്  വരെയായിരിക്കും സേവന സ്റ്റാളുകളുടെ പ്രവര്‍ത്തനം.പൂര്‍ണമായും ശീതീകരിച്ച സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

അലങ്കാര വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിപുലമായ ശേഖരവുമുണ്ട്. മുള, ഈറ്റ, ചിരട്ട തുടങ്ങിയ ജൈവ വസ്തുക്കളാല്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കളും പാചക സഹായ ഉപകരണങ്ങളും ആദ്യ ദിനം തന്നെ ജനശ്രദ്ധ ആകര്‍ഷിച്ചു. ചെറുകിട സംരംഭകര്‍ തയ്യാറാക്കിയ ശുദ്ധമായ വെളിച്ചെണ്ണ, തേന്‍, കൂണ് വിഭവങ്ങള്‍, പലഹാരങ്ങള്‍ എന്നിവ വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്. ക്യാന്‍വാസിലും വിവിധ അലങ്കാര ഉത്പന്നങ്ങളിലും ചെയ്ത മ്യൂറല്‍ ചിത്രങ്ങള്‍ മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. ബാലരാമപുരം കൈത്തറി,ഖാദി വസ്ത്രങ്ങളുടെയും പ്രാദേശികമായി നിര്‍മ്മിച്ച വിവിധ അഭരണങ്ങളുടെ വില്‍പനയും മേളയില്‍ ഉള്‍പ്പെടുന്നു. സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുകയും പൊതുജനങ്ങള്‍ക്ക് ന്യായമായ നിരക്കില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.