ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലും തൃശൂർ ജില്ലാ സാമൂഹ്യനീതി വകുപ്പും സംയുക്തമായി രാമവർമ്മപുരം സർക്കാർ വൃദ്ധമന്ദിരത്തിൽ മുതിർന്ന പൗരന്മാർക്ക് വിദ്യാർത്ഥി പങ്കാളിത്തത്തോടെ സംഘടിപ്പിച്ച “സ്നേഹക്കൂട്ട് ” പ്രത്യേക പരിപാടി ശ്രദ്ധേയമായി. പുതുതലമുറയും പഴയ തലമുറയും തമ്മിലുള്ള സ്നേഹം പങ്കുവെക്കലും കളിയും ചിരിയും സംഗീതവുമൊക്കെയായി സന്തോഷ മുഹൂർത്തങ്ങൾ ആണ് “സ്നേഹക്കൂട്ട്” സമ്മാനിച്ചത്. പരിപാടി ജില്ലാ സാമൂഹ്യനീതി ഓഫീസർ അസ്ഗർഷാ പി എച്ച് ഉദ്ഘാടനം ചെയ്തു.

തൃശൂർ ജില്ലയിൽ 104 ഓളം വയോജന ക്ഷേമസ്ഥാപനങ്ങൾ ഉണ്ട്‌. ഏകാന്തതയും ഒറ്റപ്പെടൽ എന്ന ചിന്ത മാറ്റുവാനും കുട്ടികളുമായി സംസാരിച്ചും ആശയം പങ്കുവെച്ചും മാനസികോല്ലാസ പരിപാടികൾ, കലാപരിപാടികൾ എന്നിവയിൽ ഏർപ്പെട്ടും മുതിർന്നവരെ ഊർജസ്വലരും സന്തോഷവാന്മാരുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ “സ്നേഹക്കൂട്ട്” എന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. ഇനിയും സന്നദ്ധ വിദ്യാർത്ഥി സംഘടനകൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടെ ഇത്തരം മാനസികോല്ലാസ പരിപാടികൾ സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ വിവിധ ക്ഷേമസ്ഥലങ്ങളിൽ വെച്ചു സംഘടിപ്പിക്കുവാൻ ശ്രമിക്കുമെന്നു ഇരിങ്ങാലക്കുട ആർ.ഡി.ഓ എം.എച്ച്.ഹരീഷ് പറഞ്ഞു.

ക്ഷേമസ്ഥാപങ്ങളിന്റെ മുതിർന്ന പൗരമാർക്ക് ഇത്തരം ക്രിയാത്മക പരിപാടികൾ മാനസിക ശാരീരിക ഉണർവ്വ് നൽകുമെന്നും മുതിർന്ന പൗരന്മാരുടെ അറിവുകൾ, ജീവിതാനുഭവങ്ങൾ, ആശയങ്ങൾ എന്നിവ പുതു തലമുറയ്ക്ക് കരുത്ത് പകരാനും ഗുണകരമാകുമെന്നും പരിപാടിക്ക് നേതൃത്വം നൽകിയ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികളായ അഭിശങ്കർ.എം.ഡി, ദേവിക.പി.എസ്, നിയമബിരുദ വിദ്യാർത്ഥികളായ മാളവിക രാധാകൃഷ്ണൻ, ഗായത്രി ദയാശീലൻ, അമൃത.പി.യു, അഭിരാമി.സി.കെ എന്നിവർ മുതിർന്ന പൗരൻമാരായ അന്തേവാസികൾക്കായി വിവിധ മാനസികോല്ലാസ പരിപാടികൾ മറ്റു കലാപരിപാടികളും അവതരിപ്പിച്ചു.
വിദ്യാർത്ഥികളോടൊപ്പം പാട്ട് പാടിയും, കഥകൾ പറഞ്ഞും, ഉപദേശങ്ങൾ നൽകിയും രാമവർമ്മപുരത്തെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഉഷാറായി. കുട്ടികളോടൊപ്പം വർണ്ണചിത്രങ്ങൾ വരച്ചും കളികളിൽ ഏർപ്പെട്ടും “സ്നേഹക്കൂട്ട്” ഒരു ആഘോഷമായി മാറി.പരിപാടികളിൽ പങ്കെടുത്ത മുതിർന്ന പൗരന്മാർക്ക് സമ്മാന വിതരണം ജില്ലാ സാമൂഹ്യനീതി ഓഫീസർ നിർവഹിച്ചു.