നാലാമത് മൂന്നാര്‍ മാരത്തണ്‍ ഇന്ന് (29.05.2022)നടക്കും. മാരത്തണിന് മുന്നോടിയായി ഇന്നലെ (28.05.2022) മൂന്നാര്‍ അള്‍ട്രാ ചലഞ്ച് നടത്തി. മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയത്തില്‍ നിന്ന് തുടക്കം കുറിച്ച 71 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നാര്‍ അള്‍ട്രാ ചലഞ്ച് ജില്ലാ വികസന കമ്മീഷണര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 20 വയസ്സുമുതല്‍ 68 വയസ്സുവരെയുള്ള നാല്‍പ്പത്തഞ്ച് പേര്‍ അള്‍ട്രാ ചലഞ്ചില്‍ പങ്കെടുത്തു. അള്‍ട്രാ ചലഞ്ചിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ദേവികുളം സബ്കളക്ടര്‍ രാഹുല്‍കൃഷ്ണ ശര്‍മ്മ, കെസ്ട്രല്‍ അഡ്വഞ്ചേഴ്‌സ് സി ഇ ഒ സെന്തില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് ലക്ഷ്മി എസ്‌റ്റേറ്റ് വഴി സിഗ്നല്‍ പോയിന്റ്, സൈലന്റ് വാലി, കുറ്റിയാര്‍, നെറ്റിമേട്, മാട്ടുപ്പെട്ടി, ഗുണ്ടുമല, വാഗുവരൈ, രാജമല, അഞ്ചാംമൈല്‍ വഴി തിരികെ സ്റ്റേഡിയത്തില്‍ എത്തും പ്രകാരമായിരുന്നു അള്‍ട്രാ ചലഞ്ച്. 7 മണിക്കുര്‍ 24 മിനിറ്റ് കൊണ്ട് അള്‍ട്രാ ചലഞ്ച് പൂര്‍ത്തിയാക്കി.

എറണാകുളം ജില്ലയില്‍ എക്‌സൈസ് ജീവനക്കാരനായ ജെസ്റ്റിന്‍ ഒന്നാം സ്ഥാനത്തും പുനെ സ്വദേശി മുരളി കൃഷ്ണപിള്ള 7 മണിക്കുര്‍ 52 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കി രണ്ടാം സ്ഥാനത്തുമെത്തി. മൂന്നാര്‍ സ്വദേശി സിജു , എറണാകുളം സ്വദേശി സോണി റ്റി എ എന്നിവര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അള്‍ട്രാ ചലഞ്ച് കടന്നുപോകുന്ന ഒരോ നാലു കിലോമീറ്റര്‍ സ്ഥലത്തും കുടിവെള്ളം, ലഘുഭക്ഷണം തുടങ്ങിയവ ക്രമീകരിച്ചിരുന്നു. കൂടാതെ മെഡിക്കല്‍ ടീം, പൈലറ്റ് വാഹനങ്ങള്‍, ആയുര്‍വ്വേദ തെറാപ്പിസ്റ്റുകള്‍ തുടങ്ങിയവര്‍ ചലഞ്ചില്‍ പങ്കെടുത്തവരെ അനുഗമിച്ചു. ഇന്ന് (29.05.2022) 42.195 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നാര്‍ ഫുള്‍ മാരത്തണും 21.098 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തണും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള ഏഴ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റണ്‍ ഫോര്‍ ഫണ്‍ മാരത്തണും നടക്കും. ഡി ടി പി സി, സ്‌പോര്‍ട്‌സ് അതോററ്റി ഓഫ് ഇന്ത്യാ, കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സംസ്ഥാന ടൂറിസം വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിച്ചിട്ടുള്ളത്. 2020, 21 വര്‍ഷങ്ങളില്‍ കൊവിഡിനെ തുടര്‍ന്ന് മാരത്തണ്‍ നടന്നിരുന്നില്ല.