വർഷങ്ങളോളം യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾ രണ്ടു സമയങ്ങളിൽ ആയി പ്രവർത്തിച്ച എടവണ്ണ സീതിഹാജി സ്മാരക ഗവ. ഹൈസ്കൂൾ ഇനി പൂർണ സമയം പ്രവർത്തിക്കുന്ന വിദ്യാലയമായി മാറും.സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയിലുൾപ്പെടുത്തി കിഫ്ബി പദ്ധതിയിൽ അനുവദിച്ച മൂന്ന് കോടി രൂപ ചെലവഴിച്ചാണ് സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. 22 ക്ലാസ് മുറികളും ടോയ്ലറ്റ് കോംപ്ലക്സും അടക്കമുള്ള മൂന്നുനില കെട്ടിടം പൂർത്തിയായതോടെ 43 വർഷമായി തുടരുന്ന ഷിഫ്റ്റ് സമ്പ്രദായമാണ് ഇവിടെ അവസാനിക്കുന്നത്.1979 ഹൈസ്കൂൾ ആയി മാറിയ കാലം മുതൽ യുപി ഹൈസ്കൂൾ വിഭാഗങ്ങൾ രണ്ടു സമയങ്ങളിലായാണ് പ്രവർത്തിച്ചു വരുന്നത്. പുതിയ കെട്ടിടം യാഥാർഥ്യമായതോടെ യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ആവശ്യത്തിന് ക്ലാസ് മുറികൾ ലഭ്യമാകും.

കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (മെയ് 30) മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും. ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും. സ്കൂളിൽ നടക്കുന്ന പരിപാടിയിൽ പി.കെ ബഷീർ എം. എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. പി.ടി.എ പ്രസിഡന്റ് വി. അർജുൻ അധ്യക്ഷനാവും.സ്കൂളിലെ പൂർവ വിദ്യാർഥി ആയിരുന്ന പി.വി അൻവർ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മൈൽ മുത്തേടം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ശംസു, എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ്, ജില്ലാ ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പൽ സി. സക്കീർ ഹുസൈൻ, കൈറ്റ് കോർഡിനേറ്റർ അബ്ദുൾ റഷീദ്, ഹെഡ്മിസ്ട്രസ് പി.പി റുഖിയ തുടങ്ങി വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുക്കും.