വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍  കൊടകര പഞ്ചായത്ത് പരിധിയിൽ സംരംഭം തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്  സംരംഭകത്വ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. സംരംഭകർക്കായുള്ള പദ്ധതികളും സേവനങ്ങളും, സംരംഭം ആരംഭിക്കുന്നതിനുള്ള ലൈസൻസ് നടപടികൾ എന്നീ വിഷയങ്ങളിൽ കൊടകര ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സെബി വി എ ക്ലാസുകൾ എടുത്തു.

സംസ്ഥാന സർക്കാർ 2022-23 വർഷം സംരംഭകത്വ വർഷമായി പ്രഖ്യാപിക്കുകയും ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ എന്ന പദ്ധതി ആരംഭിക്കുകയും ചെയ്തിരുന്നു. ബജറ്റിൽ 120 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.

പുലിപ്പാറക്കുന്ന് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പട്ടികജാതി വികസന കോർപറേഷൻ ചെയർമാൻ യു ആർ പ്രദീപ് ഉദ്ഘാടനം  ചെയ്തു. കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ അധ്യക്ഷത വഹിച്ചു.  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോയി നെല്ലിശേരി, കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി രജീഷ് എന്നിവർ പങ്കെടുത്തു.