സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് കൃഷിയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഒരു സെന്റ് ഭൂമിപോലും തരിശു കിടക്കാന്‍ ഇടയാകരുതെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പൊതുകുളങ്ങളിലെ മത്സ്യകൃഷിയുടെ വിളവെടുപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം മാവേലിക്കര തെക്കേക്കര പഞ്ചായത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നെല്‍കൃഷിക്കാണ് സര്‍ക്കാര്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത്. നെല്‍കൃഷി ചെയ്യാന്‍ കഴിയാത്ത ഇടങ്ങളില്‍ പച്ചക്കറിയും മറ്റിനങ്ങളും കൃഷി ചെയ്യണം. ഇത്തരം കൃഷികളൊന്നും സാധ്യമല്ലാത്ത വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ മത്സ്യകൃഷിക്കായി പ്രയോജനപ്പെടുത്തണം. മത്സ്യസമ്പത്ത് ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്.

എല്ലാ തദ്ദേശസ്ഥാപന മേഖലകളിലും വിവിധ കൃഷികള്‍ക്കുള്ള സ്ഥലങ്ങള്‍ കണ്ടെത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം. ഭക്ഷണത്തിനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതി മാറുന്നതിന് എല്ലാവരുടെയും കൂട്ടായ പരിശ്രമം വേണ്ടതുണ്ട്-അദ്ദേഹം പറഞ്ഞു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

തെക്കേക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അജിത്ത് പി. ചാങ്ങയില്‍, ജയശ്രീ ശിവരാമന്‍, വി. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുളാ ദേവി, ജി. ആതിര, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ആര്‍. ശ്രീനാഥ്, തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ദേവരാജന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേഷ് ശശിധരന്‍, ആര്‍. അജയന്‍, കാര്‍ഡ് ബാങ്ക് പ്രസിഡന്റ് അഡ്വ. ജി. ഹരിശങ്കര്‍, കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ബോര്‍ഡംഗം കെ. മധുസൂദനന്‍, പ്രൊഫ. ടി.എം. സുകുമാര ബാബു, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.