ഉന്നത വിദ്യാഭ്യാസ രംഗത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള സഹകരണ എന്‍ജിനിയറിംഗ് കോളജില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാന നൈപുണ്യ വികസന കേന്ദ്രത്തിന്റെ ജില്ലാതല നോഡല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. 2018 ലെ പ്രളയ നാശനഷ്ടത്തിനു ശേഷം ഉയര്‍ത്തെഴുനേറ്റുള്ള പ്രവര്‍ത്തനമാണ് ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറു ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിജ്ഞാന നൈപുണ്യവികസനകേന്ദ്രം കേപ്പ് സ്ഥാപനങ്ങളിലൂടെ സാക്ഷാത്കരിക്കുന്നത്.

തൊഴില്‍ അന്വേഷകര്‍, സംരംഭകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മികവു വര്‍ധിപ്പിക്കാനുള്ള വിപുലമായ പരിശീലന പരിപാടികള്‍ രൂപകല്‍പ്പന ചെയ്ത് നടപ്പില്‍ വരുത്തുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. കാലോചിതമായ കോഴ്‌സുകള്‍ ലഭ്യമാക്കുന്നതിന് ശ്രമിക്കും. ഗ്രൗണ്ട്, ഹോസ്റ്റല്‍ പോലെയുള്ള കാര്യങ്ങള്‍ സമയബന്ധിതമായി ആരംഭിച്ച് പൂര്‍ത്തിയാക്കുവാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കോളജിന്റെ ഇന്റഗ്രേറ്റഡ് ക്യാമ്പസ് പദവി പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റല്‍ അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല നടപ്പാക്കിയ സമത്വ പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ ലാപ്‌ടോപ്പ് വിതരണം സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. ജി. സഞ്ജീവ് നിര്‍വഹിച്ചു.