സംസ്ഥാനത്ത് വികസനം നടപ്പാക്കുന്നതില്‍ യാതൊരു പക്ഷഭേദ ചിന്താഗതിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളില്‍ ഇടപ്പെടുമ്പോള്‍ യാതൊരു വിധ പക്ഷഭേദവുമില്ലായെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സംസ്ഥാനത്തുടനീളമുള്ള 75 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളിന്റെ പശ്ചാത്തല സൗകര്യം വികസിപ്പിക്കല്‍, പുതിയ കെട്ടിടം നിര്‍മ്മിക്കല്‍, അക്കാദമിക് മികവ് ഉയര്‍ത്താന്‍ സ്വീകരിച്ച നടപടികള്‍, തുടങ്ങിയവ വേര്‍തിരിവുകള്‍ ഉണ്ടാവാതെയാണ് ഓരോ ജില്ലകളിലും നടപ്പിലാക്കുന്നത്. ഓരോ മേഖലയിലും കക്ഷി രാഷ്ട്രീയം വ്യത്യാസം ഇല്ലാത്ത വികസനമാണ് സര്‍ക്കാരിന്റെ പൊതുവായ നയം. ഇവിടെ പൊതുവിദ്യാലയങ്ങള്‍ ശാക്തീകരിക്കുമ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ ഏറെയും നമ്മുടെ നാട്ടിലെ പാവപ്പെട്ടവരാണ്. സാധാരണക്കാരുടെ കുട്ടികള്‍ക്കും മെച്ചപ്പെട്ട ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കും.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആറു വര്‍ഷം പിന്നിടുമ്പോള്‍ ഇല്ലായ്മയിലായിരുന്ന സംസ്ഥാനത്തെ പല വിദ്യാലയങ്ങളും ഇന്ന് ആരുടെയും കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങളുടെ രൂപത്തിലേക്കെത്തിച്ചു. കോവിഡ് കാലത്തും കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും ഡിജിറ്റല്‍ വിദ്യാഭ്യാസവും ഉറപ്പാക്കി കേരളം ലോകോത്തര ശ്രദ്ധ പിടിച്ചു പറ്റി. കഴിഞ്ഞ ഒരു വര്‍ഷക്കാലം 145 സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കി. 48 ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലാബുകള്‍ നവീകരിച്ചു. 2,546 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റി വെച്ചത്. 1016 കോടി രൂപ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് മാത്രമായും, 15 കോടി രൂപ സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും, 342 കോടി 64 ലക്ഷം രൂപ ഉച്ച ഭക്ഷണത്തിനും, 192 കോടി രൂപ പോഷകാഹാരം നല്‍കുന്നതിനുമാണ് മാറ്റി വെച്ചത്. വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പ്രധാന്യം നല്‍കിയുള്ള കരുതലാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എല്ലാ രംഗത്തും സമഗ്രവികസനം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ മുഖ്യാഥിതിയായിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു ചടങ്ങിന് സ്വാഗതം പറഞ്ഞു.

പൊതു വിദ്യാഭ്യാസ രംഗത്തെ മാറ്റം ശ്രദ്ധേയമാണെന്നും സ്‌കൂളുകള്‍ മാറ്റത്തിന്റെ പാതയിലാണെന്നും പൈനാവ് ഗവ. യുപി സ്‌കൂള്‍ ഉദ്ഘാടന ചടങ്ങിന് ഓണ്‍ലൈനായി ആശംസയര്‍പ്പിച്ചു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസ രംഗത്ത് അഭിമാനകരമാണ് നമ്മുടെ സ്‌കൂള്‍. ജില്ലാ ആസ്ഥാന മേഖലയെന്ന നിലയില്‍ നമ്മുടെ സ്‌കൂള്‍ ഭാവിയില്‍ കൂടുതല്‍ നന്നായി വരട്ടെയെന്നും മന്ത്രി ആശംസിച്ചു.

സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുഴുവന്‍ ഫണ്ടും കണ്ടെത്തിയത് കിഫ്ബി വഴിയാണ്. ഇപ്പോള്‍ പുതിയതായി നിര്‍മിക്കുന്ന ഏറ്റവും മികച്ച റോഡുകളും കെട്ടിടങ്ങളും കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ്. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ കൊണ്ടുവരുമെന്നും എം എം മണി എം.എല്‍.എ അഭിപ്രായപ്പെട്ടു. സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് കേരളാ സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2019-20 വര്‍ഷത്തിലെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൈനാവ് സ്‌കൂളിനും ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 2020 മാര്‍ച്ചില്‍ പണിയാരംഭിച്ച മൂന്ന് നില കെട്ടിടം വിദ്യാകിരണം മിഷന്റെ ഭാഗമായാണ് നിര്‍മ്മാണം പൂര്‍ത്തീ കരിച്ചത്. രണ്ടു നിലകളിലായി ആറ് ഹൈടെക് ക്ലാസ്സ് മുറികള്‍, ടോയ്ലറ്റ്, മൂന്നാം നിലയില്‍ ഹൈടെക് ഓഡിറ്റോറിയം എന്നിവ പുതിയ സ്‌കൂള്‍ കെട്ടിടത്തിലുണ്ട്. പുതിയ ക്ലാസ്സ് മുറികളായതോടെ സ്‌കൂളില്‍ 2500 ലധികം പുസ്തകങ്ങളുള്ള പുതുക്കിയ ലൈബ്രറിയും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ഗണിത ലാബുകള്‍ പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ സ്ഥല സൗകര്യവും ഇതോട ലഭ്യമായി. ഇന്‍ഡോര്‍ ഗെയിമുകള്‍ക്കുതകുന്ന സ്പോര്‍ട്സ് മുറി, കലാ-കായിക പ്രവര്‍ത്തി പരിചയ പരിശീലനത്തിനുള്ള സൗകര്യം, കൗണ്‍സിലിംഗ് മുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത്, സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ തുടങ്ങിയവ നല്‍കിയ പൂര്‍ണ സജ്ജീകരണങ്ങളുള്ള രണ്ട് സ്മാര്‍ട്ട് ക്ലാസ്സുകള്‍ സ്‌കൂളിനുണ്ട്. കൂടാതെ സ്‌കൂള്‍ കെട്ടിടങ്ങളുടെ മുന്‍ഭാഗം ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയമായാണ് സജ്ജീകരിച്ചിരിക്കുന്നത്.

പ്രാദേശിക യോഗത്തില്‍ വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് ് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി.വി വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം കെ. ജി സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, സിജി ചാക്കോ, ആലീസ് ജോസഫ്, ഏലിയാമ്മ ജോയ്, പ്രഭ തങ്കച്ചന്‍, നിമ്മി ജയന്‍, സെലിന്‍ വിന്‍സെന്റ്, ടിന്റു സുഭാഷ്, നൗഷാദ് ടി. ഇ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്രവ്യാസ് വിഎ, ഹെഡ്മിസ്ട്രസ്സ് കെ. ശ്രീലത രാഷ്ട്രീയ സാംസ്‌ക്കാരിക മേഖലയിലെ നേതാക്കള്‍, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍, പിറ്റി.എ. എസ്.എം.സി അംഗങ്ങള്‍, അദ്ധ്യാപകര്‍, പൂര്‍വ്വ അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.