ഏലപ്പാറ ഗവ യുപി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറികൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചു നടക്കുന്ന നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 75 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. സംസ്ഥാന തല ഉദ്ഘാടന യോഗത്തില്‍ വിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.
പീരുമേട് മുന്‍ എംഎല്‍എ ഇ.എസ് ബിജിമോളുടെ 2017 -2018 വര്‍ഷത്തെ ആസ്തിവികസന ഫണ്ടില്‍ നിന്നും 99 ലക്ഷം രൂപ വിനിയോഗിച്ചാണ് ഏലപ്പാറ ഗവ യുപി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എലപ്പാറ സ്‌കൂളിന്റെ ശിലാഫലക അനാശ്ചാദനം വാഴൂര്‍ സോമന്‍ എംഎല്‍എ നിര്‍വഹിച്ചു. പീരുമേട് മേഖല വിദ്യാഭ്യാസ രംഗത്ത് ഇനിയും ഉയരേണ്ടതുണ്ടെന്നും, നല്ല മാറ്റങ്ങളാണ് സര്‍ക്കാര്‍ പദ്ധതികളിലൂടെ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം നൗഷാദ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സന്‍ ആശ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഫിന്‍ ആല്‍ബര്‍ട്ട്, വാര്‍ഡ് മെമ്പര്‍ ബിജു ഗോപാലന്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ ഹെഡ്മാസ്റ്റര്‍ എല്‍. ശങ്കിലി, പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ വി.എസ് സുഗതന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എ ബിനുമോന്‍, വാപ്കോസ് ലിമിറ്റഡ് എക്‌സിക്യൂറ്റിവ് എഞ്ചിനിയര്‍ സുനില്‍ കുമാര്‍ എന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.