രാജ്യത്തിന്റെ പുരോഗതിക്കായാണ് സര്‍ക്കാര്‍ ഓരോ കേന്ദ്രാവിഷ്‌കൃത പദ്ധതികളും നടപ്പിലാക്കി വരുന്നത്. അതോടൊപ്പം പാവപ്പെട്ടവരെയും ദുര്‍ബല വിഭാഗങ്ങളെ സഹായിക്കുന്നതിനും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതിനുമായാണ് ഓരോ പദ്ധതികളും വിഭാവനം ചെയ്തിരിക്കുന്നത്. അത്തരത്തില്‍ നിരവധി ആളുകളാണ് ഇതിന്റെ ഗുണങ്ങള്‍ അനുഭവിക്കുന്നത്. അത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പതിമൂന്നോളം കേന്ദ്രാവിഷ്‌കൃത പദ്ധതി ഗുണഭോക്താക്കളുമായി ഓണ്‍ലൈനില്‍ സംവിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തില്‍ തുടര്‍ന്ന കഴിഞ്ഞ എട്ടുവര്‍ഷ കാലയളവില്‍ ഒരിക്കല്‍ പോലും ഞാന്‍ എന്നെ പ്രധാനമന്ത്രിയായി കണ്ടിട്ടില്ല. രേഖകളില്‍ ഒപ്പിടുമ്പോള്‍ മാത്രമാണ് എനിക്ക് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തം ഉണ്ടാകൂ. ഫയലുകള്‍ പോയി കഴിയുമ്പോള്‍ ഞാന്‍ പ്രധാനമന്ത്രിയല്ല. 130 കോടി ജനങ്ങളുടെ സേവകന്‍ മാത്രമാണ് ഞാന്‍. അവരാണ് എന്റെ ജീവിതം. എന്റെ ജീവിതം അവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നുവെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിനുള്ള പരിമിതികള്‍ നേരിട്ട് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അഡ്വ.ഡീന്‍ കുര്യാക്കോസ് എം. പി. രാജ്യം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന അനവധിയായ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഉണ്ടെങ്കിലും അവ നടപ്പിലാക്കുന്നതില്‍ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. എല്ലാവര്‍ക്കും ഗുണം ലഭിക്കത്തക്ക രീതിയില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. അതിന് കൃത്യമായ ഇടപെടല്‍ നടത്തേണ്ടതുണ്ടെന്നും ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ ഉപയോഗപ്പെടുമെന്നും എം.പി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ ജില്ലാതല ഗുണഭോക്തൃ സമ്മേളനം ചെറുതോണി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസാദി-കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രാവിഷ്‌കൃത പദ്ധതികളായ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമം & നഗരം), പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ യോജന, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന, പോഷന്‍ അഭിയാന്‍, പ്രധാനമന്ത്രി മാതൃവന്ദന യോജന, സ്വച്ച് ഭാരത് മിഷന്‍ (ഗ്രാമം & നഗരം), ജലജീവന്‍ മിഷന്‍ & അമൃത്, പ്രധാനമന്ത്രി സ്വാനിധി സ്‌കീം, വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന, ആയുഷ്മാന്‍ ഭാരത്, പ്രാധാനമന്ത്രി ജന ആരോഗ്യ യോജന, ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് & വെല്‍നസ് സെന്റര്‍, പ്രധാനമന്ത്രി മുദ്രയോജന, എന്നീ 13 പദ്ധതികളുടെ ഗുണഭോക്താക്കള്‍, ത്രിതല പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, സ്വാതന്ത്ര്യസമര സേനാനികളുടെ കുടുബാംഗങ്ങള്‍, പ്രമുഖ വ്യക്തികള്‍ എന്നിവരുമായി പ്രധാനമന്ത്രി ഓണ്‍ലൈനായി സംവദിച്ച ശേഷമായിരുന്നു ജില്ലാ തല ഗുണഭോക്തൃ സമ്മേളനം.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനക്ഷേമ പദ്ധതികള്‍ വിലയിരുത്തുന്നതിനുള്ള അവസരം ഇത്തരം ഓണ്‍ലൈന്‍ യോഗങ്ങള്‍ ചേരുന്നത് വഴി ലഭിക്കും. കൃത്യമായ അഭിപ്രായങ്ങള്‍ കേന്ദ്രത്തിലെത്താനും ഇനി നടപ്പിലാക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയുന്നതിനും ജനങ്ങളുടെ സഹകരണം ആവശ്യമാണ്. അത് നമ്മുടെ അടിസ്ഥാന വികസന നിര്‍ണ്ണയത്തിനു ഉപകാരപ്പെടുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അഭിപ്രായപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, തൊടുപുഴ മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ബീന ജോബി, ജില്ലാ പ്ളാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ്, എല്‍എസ്ജിഡി ജോ. ഡയറക്ടര്‍ കെ.വി.കുര്യാക്കോസ്, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ബിന്‍സ് സി.തോമസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.