മാനന്തവാടി: രണ്ടുദിവസത്തെ കനത്ത മഴ ജില്ലയെ ഒന്നടങ്കം ദുരിതത്തിലാക്കിയെങ്കിലും പ്രളയം നേരിട്ട് ബാധിച്ചവരിലേറെയും മാനന്തവാടി താലൂക്കിലെന്നു കണക്കുകള്‍. മഴവെള്ളപ്പാച്ചിലില്‍ പാലങ്ങളും റോഡുകളും ഒലിച്ചുപോയി. നിരവധി വീടുകള്‍ തകര്‍ന്നു. മണ്ണിടിഞ്ഞും മരംവീണും പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിബന്ധം താറുമാറായി. താലൂക്കിലെ പല ഭാഗങ്ങളും ഇപ്പോഴും ഒറ്റപ്പെട്ടുകിടക്കുകയാണ്. സൈന്യത്തോടൊപ്പം പൊലിസും ഫയര്‍ഫോഴ്‌സും സന്നദ്ധ സംഘടന പ്രവര്‍ത്തകരും നാട്ടുകാരും ദുരന്തമുഖത്ത് സജീവമാണ്. 58 ദുരിതാശ്വാസ ക്യാമ്പുകളാണ് താലൂക്കില്‍ മാത്രം തുറന്നത്. 1915 കുടുംബങ്ങളില്‍ നിന്നായി 6883 പേര്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുന്നു. ഏറ്റവും കൂടുതല്‍ പേര്‍ ചെറുകാട്ടൂര്‍ വില്ലേജില്‍ നിന്നാണ്. ഇവിടുത്തെ 262 കുടുംബങ്ങള്‍ പനമരം ജി.എച്ച്.എസിലെ ക്യാമ്പിലുണ്ട്. അന്‍പതില്‍ കൂടുതല്‍ കുടുംബങ്ങളുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍: പുളിഞ്ഞാല്‍ ജി.എച്ച്.എസ്-63, ന്യൂമാന്‍സ് കോളജ്-120, പുതിയിടം കുസുമഗിരി എല്‍പി സ്‌കൂള്‍-126, തലപ്പുഴ ജി.എച്ച്.എസ്.എസ്-74, ജി.എച്ച്.എസ് പനമരം-262, അഞ്ചുകുന്ന് ജി.എം.യു.പി.എസ്-60, വാകയാട്ടുകുന്ന്-118, പയ്യമ്പള്ളി സെന്റ് കാതറിന്‍സ് എച്ച്.എസ്.എസ്-60, തൃശ്ശിലേരി ബാവലി മദ്രസ-58. കനത്ത മഴയില്‍ വരടിമൂല-ചെറ്റപ്പാലം റോഡ് ഒലിച്ചുപോയി. പ്രദേശം ഒറ്റപ്പെട്ടതിനെ തുടര്‍ന്ന് ഒരുസംഘം സൈനികര്‍ ഇവിടേക്ക് നീങ്ങിയിട്ടുണ്ട്. മക്കിമലയില്‍ വിവിധ ഭാഗങ്ങളിലും സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. അതേസമയം, ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ 80ല്‍ നിന്ന് 90 സെന്റിമീറ്ററായി വീണ്ടും ഉയര്‍ത്തി. കടമാന്‍തോട്ടിലൂടെയുള്ള നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ഇരുകരകളിലും താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
