ജനകീയ കൂട്ടായ്മയിൽ മുഖം മിനുക്കി കുരുന്നുകളെ വരവേറ്റ് തിരുത്തിപറമ്പിലെ അങ്കണവാടി. തകർച്ചയുടെ വക്കിലായിരുന്ന വടക്കാഞ്ചേരി നഗരസഭയിലെ 29-ാം ഡിവിഷനിലെ (തിരുത്തിപറമ്പ് സെന്റർ) 155-ാം നമ്പർ അങ്കണവാടിയാണ് ജനകീയ കൂട്ടായ്മയിലൂടെ അതിജീവന പാത കണ്ടെത്തിയത്.
നഗരസഭയുടെ പിന്തുണയോടെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് അങ്കണവാടിയുടെ മുഖം മിനുങ്ങിയത്.
ഡിവിഷൻ കൗൺസിലർ ഡോ.ജോയൽ മഞ്ഞിലയുടെയും അങ്കണവാടി എഎൽഎംസിയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നത്.
പുതിയ അധ്യയന വർഷത്തിൽ അങ്കണവാടിയിലെത്തുന്ന കുരുന്നുകൾക്കായി നവ്യാനുഭവമൂറുന്ന കാഴ്ചകളും ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ വിജ്ഞാനവും, കൗതുകവും, കളിയും, ചിരിയും നിറഞ്ഞ കാഴ്ചകളാണ് പുതിയ അധ്യയന വർഷത്തെ വർണാഭമാക്കുന്നത്. നീലക്കടലിൽ ഉല്ലസിച്ചു നീന്തുന്ന നക്ഷത്രമത്സ്യവും ഡോൾഫിനും കടൽക്കുതിരയും തുടങ്ങി കുട്ടികളുടെ കാർട്ടൂൺ ഹീറോകളായ ഡോറയും ബുജിയും കുറുനരിയും ടോം ആൻഡ് ജെറി, ചോട്ടാഭീം വരെ അങ്കണവാടി ചുമരിൽ ഇടം പിടിച്ചിട്ടുണ്ട്.
വെള്ളറക്കാട് തേജസ് കോളേജ് ഓഫ് ആർക്കിടെക്ചറിലെ രണ്ടാം വർഷ വിദ്യാർത്ഥികളാണ് പെയിന്റിംഗ്, വാൾ ആർട്ട്, കാർട്ടൂൺ ചിത്രങ്ങൾ എന്നിവ വരച്ച് അങ്കണവാടി മനോഹരമാക്കിയത്. 20ഓളം പേരടങ്ങുന്ന സംഘമാണ് വരകളിലൂടെ അങ്കണവാടിക്ക് പുതിയ നിറം പകർന്നത്.
പഠനത്തോടൊപ്പം സാമൂഹിക സേവനം എന്ന മഹത്തായ ലക്ഷ്യമാണ് വിദ്യാർത്ഥികൾ സാക്ഷാത്കരിച്ചത്. അങ്കണവാടിയിലെ ഇലക്ട്രിക്കൽ, വെൽഡിങ്, കാർപ്പെന്റർ ജോലികൾ നാട്ടുകാരുടെ സഹകരണത്തോടെയാണ് പൂർത്തിയായത്.
പുതിയ അധ്യയന വർഷത്തിൽ 15 ഓളം കുട്ടികളാണ് ആദ്യാക്ഷരത്തിന്റെ മധുരം നുണയാൻ എത്തിയത്. അങ്കണവാടിയിൽ നടന്ന
പ്രവേശനോത്സവത്തിന്റെ ഭാഗമായി തേജസ് കോളേജ് ഓഫ് ആർക്കിടെക്ചറിന്റെ പ്രിൻസിപ്പൽ സമീർ ഐ കെ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജോസ് പിടിയത്ത് എന്നിവരെ ആദരിച്ചു.