പാമ്പാടി സര്‍ക്കാര്‍ സ്‌ക്കൂളിന്റെ പുതിയ എല്‍ പി വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതോടെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യത്‌നത്തിലൂടെ ലഭിക്കുന്ന സര്‍ക്കാര്‍ സഹായം മൂലം സ്‌കൂള്‍ പ്രവേശന സമയത്ത് രക്ഷിതാക്കള്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക ഭാരം കുറക്കാന്‍ കഴിയുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌കൂളിന്റെ ഹയര്‍ സെക്കന്ററി കെട്ടിടത്തിന്റെ പണി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പാമ്പാടി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുന്‍ എം.എല്‍.എ യു ആര്‍ പ്രദീപിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 64 ലക്ഷം രൂപ ചെലവിട്ട് പുതുതായി പണി കഴിപ്പിച്ച കെട്ടിടത്തിന്റെയും രണ്ട് കോടി രൂപ ചെലവില്‍ പുതുതായി നിര്‍മ്മാണം ആരംഭിക്കുന്ന ഹയര്‍ സെക്കന്ററി കെട്ടിടത്തിന്റെയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്.