തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കിടയില്‍ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം സംബന്ധിച്ച് കനകക്കുന്നില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ട് ഐ. ബി സതീഷ് എം.എല്‍.എ പ്രകാശനം ചെയ്തു.  എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായാണ് സര്‍വ്വേ നടത്തിയത്.

വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനമായ വിവരശേഖരണത്തില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു സര്‍വ്വേ. സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ച് അറിയുകയായിരുന്നു സര്‍വ്വേയുടെ പ്രധാന ലക്ഷ്യം. ആദ്യ രണ്ട് ദിനങ്ങളിലായി എന്റെ കേരളം മെഗാ മേളയില്‍ സജ്ജീകരിച്ച വകുപ്പിന്റെ പവലിയനില്‍ എത്തിയ 543പേരില്‍ നിന്നും വിവര ശേഖരണം നടത്തി. വിവിധ പ്രായക്കാര്‍ക്കിടയിലുള്ള സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം, അവരുടെ സമീപനം എന്നിവയെക്കുറിച്ച് ശാസ്ത്രീയമായ പഠനമാണ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയത്. സര്‍വ്വേക്ക് പുറമെ വിവിധ സ്ഥിതിവിവരകണക്കുകളുടെ പ്രദര്‍ശനവും സന്ദര്‍ശകര്‍ക്കായി വിവിധ മത്സരങ്ങളും മേളയില്‍ സംഘടിപ്പിച്ചു.

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അനീഷ്‌കുമാര്‍ ബി, ഡി.റ്റി.പി.സി സെക്രട്ടറി ഷാരോണ്‍ വീട്ടില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.