സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ പരിപാടിയായ ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നെഹ്‌റു യുവകേന്ദ്ര മുഖേന ലോക സൈക്കിള്‍ ദിനമായ ഇന്ന് (ജൂണ്‍ 3) രാജ്യത്തുടനീളം സൈക്കിള്‍ റാലികള്‍ സംഘടിപ്പിക്കുന്നു. സംസ്ഥാന ജില്ലാ-ബ്ലോക്ക് തലത്തിലും തിരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ 75 പ്രധാന കേന്ദ്രങ്ങളിലും നടക്കുന്ന സൈക്കിള്‍ റാലികളില്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും മുതിര്‍ന്നവരും പങ്കെടുക്കും. ആഗോളതാപനത്തിന്റെയും അനാരോഗ്യകരമായ ജീവിത ശൈലികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുകയും ജനകീയമാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
ലോക സൈക്കിള്‍ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും അതോടനുബന്ധിച്ചുള്ള സൈക്കിള്‍ റാലിയും ഇന്ന് രാവിലെ 9.30ന് തിരുവനന്തപുരം കേരള സര്‍വ്വകലാശാല ക്യാമ്പസില്‍ കായികമന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. സ്‌പോര്‍ട്‌സ് യുവജനകാര്യ ഡയറക്ടര്‍ എസ്.പ്രേം കൃഷ്ണന്‍, നെഹ്‌റു യുവകേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ കെ.കുഞ്ഞഹമ്മദ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം റീജിയണല്‍ ഡയറക്ടര്‍ ജി.ശ്രീധര്‍, നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ ബി.അലി സാബിന്‍, സായ് സൈക്കിള്‍ കോച്ച് അനൂപ്.എസ്.നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് 75 യുവതി-യുവാക്കള്‍ പങ്കെടുക്കുന്ന സൈക്കിള്‍ റാലി മന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും.
തൃശൂര്‍ ജില്ലാതല സൈക്കിള്‍ റാലി രാവിലെ 8 മണിക്ക് തൃശൂര്‍ വിദ്യാര്‍ത്ഥി കോര്‍ണറില്‍ ടി എന്‍ പ്രതാപന്‍ എം.പി. ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് 75 പേരടങ്ങുന്ന സൈക്കിള്‍ റാലി സ്വരാജ് റൗണ്ട് വലം വെച്ച് എം.ജി.റോഡിലൂടെ അയ്യന്തോള്‍ യുദ്ധസ്മാരകത്തിന് സമീപം സമാപിക്കും. നെഹ്‌റു യുവകേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, യൂത്ത് ക്ലബ്ബുകള്‍, സൈക്കിള്‍ അസോസിയേഷനുകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സൈക്കിള്‍ റാലികള്‍ നടത്തുന്നത്.