ഭക്ഷ്യ മന്ത്രി ജി.ആർ. അനിലിന്റെ പ്രതിമാസ ഫോൺ ഇൻ പരിപാടി മുഖേന പരാതി സമർപ്പിച്ച ഏഴു പേർക്കു മുൻഗണനാ കാർഡ് (പി.എച്ച്.എച്ച്) നൽകാൻ തീരുമാനമായി. മേയിൽ നടന്ന ഫോൺ ഇൻ പരിപാടിയിൽ ലഭിച്ച പരാതികൾ പരിഗണിച്ചാണു തീരുമാനം.
ആകെ 26 പരാതികൾ ലഭിച്ചതിൽ 23ഉം മുൻഗണനാ കാർഡിനുള്ള അപേക്ഷകൾ സംബന്ധിച്ചായിരുന്നു. ഏഴു കാർഡുകൾ അനുവദിച്ചതിനു പുറമേയുള്ള അപേക്ഷകളിൽ അടിയന്തര തുടർ നടപടികൾക്കു മന്ത്രി നിർദേശം നൽകി. ജൂൺ മാസത്തെ ഫോൺ ഇൻ പരിപാടി ഇന്നലെ (03 ജൂൺ) നടന്നു. ലഭിച്ച പരാതികളിൽ പരിശോധന നടത്തി തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
റേഷൻ കാർഡ്, റേഷൻ വിതരണം തുടങ്ങിയ പൊതുവിതരണ മേഖലയുമായി ബന്ധപ്പെട്ട പരാതികൾ ജനങ്ങളെ അറിയിക്കുന്നതിനായി എല്ലാ മാസത്തിന്റെയും ആദ്യ വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടു മുതൽ മൂന്നു വരെയാണു ഫോൺ ഇൻ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി മുഖേന നേരിട്ടു പരാതി അറിയിക്കാൻ അവസരം ലഭിക്കാത്തവരുടെ പരാതികൾ സ്വീകരിക്കുന്നതിനായി 24 മണിക്കൂറും ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.