ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ചക്കുപളളം ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് നിര്‍വ്വഹിച്ചു. പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്ത കൈവരിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക, എല്ലാ വ്യക്തികളിലും കാര്‍ഷിക സംസ്്ക്കാരം ഉണര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ രണ്ടാം നൂറുദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നടപ്പിലാക്കുന്നത്. അണക്കര എസ് എന്‍ ഡി പി ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍, കുരുമുളക് സമിതി അംഗങ്ങള്‍, പച്ചക്കറി ക്ലസ്റ്റര്‍ അംഗങ്ങള്‍, പാടശേഖര സമിതി അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ അണിനിരന്ന ഘോഷയാത്രയും സംഘടിപ്പിച്ചു.

ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകനായ ജോയി കുത്തതയിലിനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ രാരിച്ചന്‍ നീര്‍ണാകുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുസുമം സതീഷ്, ഷൈനി റോയി, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കട്ടപ്പന കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഗോവിന്ദരാജ് എം, കൃഷി ഓഫിസര്‍ പ്രിന്‍സി ജോണ്‍, എഡിഎസ് പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.