എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം കേരളത്തിന്റെ പ്രത്യേകിച്ച് വയനാടിന്റെയും വികസനത്തില്‍ നാഴിക കല്ലായി മാറുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. വൈത്തിരിയില്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രത്യക്ഷമായും പരോക്ഷമായും നിരവധി കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്നതാണ് എന്‍ ഊര് സംരംഭം. ആദിവാസി ജീവിത ചാരുതകളെ സംരക്ഷിക്കുന്നതോടൊപ്പം അടിസ്ഥന വിഭാഗത്തിന്റെ സമൂലമായ പുരോഗതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി ഒട്ടേറെ പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഈ പദ്ധതികളെല്ലാം ലക്ഷ്യത്തിലെത്തണം. ആദിവാസി മേഖലകളില്‍ ചെലവഴിക്കുന്ന ഫണ്ടുകളുടെ വിനിയോഗം കൃത്യമായി പരിശോധിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സമാജികരുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളു#െട സഹകരണത്തോടെ പദ്ധതികളെക്കുറിച്ച് അവലോകനം നടത്തും. ഇത് സംബന്ധിച്ചുള്ള മാര്‍ഗ്ഗ രേഖ തയ്യാറായതായും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

അക്രഡിറ്റഡ് എഞ്ചിനീയര്‍മാരെ നിയമിക്കും
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ 500 ഉദ്യോഗാര്‍ത്ഥികളെ ആദ്യഘട്ടത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍മാരായി നിയോഗിക്കും. ഇതില്‍ 200 പേരെ ഗോത്രവിഭാഗങ്ങളില്‍ നിന്നാണ് നിയമിക്കുക. പഠനം കഴിഞ്ഞിട്ടും പ്രവൃത്തിപരിചയമില്ല എന്ന കാരണത്താല്‍ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ അവസ്ഥക്ക് ഇതോടെ പരിഹാരമാകും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നു തന്നെ പരിശീലനം പൂര്‍ത്തിയാക്കുന്നത് വഴി ഇവര്‍ക്ക് ജോലിയിലേക്കുള്ള പ്രവേശനം എളുപ്പമാകും. പി.എസ്.സി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴിയുള്ള നിയമനം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഗോത്ര വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസമാകുമെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു.

ഗോത്രസാരഥി മുടങ്ങില്ല
ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാലയത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനും കോളനിയില്‍ നിന്നും വിദ്യാലയങ്ങളിലേക്കുള്ള യാത്ര ക്ലേശ്ശം പരിഹരിക്കുന്നതിനും തുടങ്ങിയ ഗോത്ര സാരഥി പദ്ധതി മുടങ്ങില്ലെന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ന്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വകയിരുത്തുന്നതുമായി ബന്ധപ്പെട്ട കാലതാമസമാണ് അധ്യയന വര്‍ഷം തുടക്കത്തില്‍ തന്നെ ഗോത്ര സാരഥി പദ്ധതി തുടങ്ങാന്‍ സാധിക്കാതെ പോയത്. പദ്ധതിയുടെ നടത്തിപ്പ് അതത് തദ്ദേശ സ്ഥാപനങ്ങളാണ്. താല്‍ക്കാലികമായി തുടക്കത്തിലുള്ള ഫണ്ട് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ അനുവദിക്കും. പദ്ധതിക്കായി പണം വകയിരുത്തുന്ന മുറയ്ക്ക് ഈ തുക തദ്ദേശ സ്ഥാപനങ്ങള്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് ഫണ്ട് അനുവദിക്കുകയെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

കോളനികളില്‍ സന്ദര്‍ശക വിലക്കില്ല

ആദിവാസി കോളനികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് എന്ന സര്‍ക്കുലര്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ്. ഗോത്ര സമൂഹത്തിന്റെയും കോളനികളുടെയും സുരക്ഷ കണക്കിലെടുത്ത് സദുദ്ദേശപരമായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. മവോവാദികള്‍ തുടങ്ങിയവരുടെ ബാഹ്യമായ ഇടപെടലുകളില്‍ നിന്നും കോളനികളെ സംരക്ഷിക്കാനും ഗോത്രജനതയുടെ സ്വൈര്യജീവിതത്തിന് വിഘാതമാകുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയുമാണ് ഈ നിര്‍ദ്ദേശത്തിന്റെ ലക്ഷ്യം. ഇതിനെ മറ്റു തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു