എൻ ഊര് ഗോത്ര പൈതൃക ഗ്രാമം പദ്ധതിയുടെ ഭാഗമായി രണ്ട് ദിവസമായി നീണ്ടു നിന്ന മഴക്കാഴ്ച മഴക്കാല ഗോത്രപാരമ്പര്യ ഉൽപന്ന പ്രദർശന വിപണന ഭക്ഷ്യകലാ മേള സമാപിച്ചു.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ.ടി സിദ്ധിഖ് എം.എൽ.എ നിർവഹിച്ചു.
വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷനായി.
മഴക്കാഴ്ച മേളയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം അഡ്വ.ടി സിദ്ധിഖ് എം.എൽ എ നിർവ്വഹിച്ചു.എൻ ഊര് ആസ്പിരേഷൻ ഡിസ്ട്രിക്റ്റ് വയനാട് പരിശീലകർക്കുള്ള സർട്ടിഫിക്കറ്റ്, മൊമന്റോ എന്നിവയുടെ വിതരണവും ചടങ്ങിൽ നടന്നു.മഴക്കാലം ഗോത്ര സമൂഹത്തോടൊപ്പം അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മഴക്കാഴ്ച ഒരുക്കിയത്.ഗോത്ര മരുന്ന് പാരമ്പര്യത്തെ കാഴ്ചക്കാർക്ക് പരിചയപ്പെടുന്നുന്നുണ്ട് എൻ ഊരിൽ .മേപ്പാടി സ്വദേശി കൃഷ്ണൻ വൈദ്യരുടെ നേതൃത്വത്തിലാണ് വംശീയ വൈദ്യ ചികിത്സ ക്യാമ്പ് നടക്കുന്നത്. ആദിവാസി മരുന്നുകളാണ് ഇവിടെയുള്ളത്. താരൻ മുടി കൊഴിച്ചൽ എന്നിവയ്ക്കുള്ള എണ്ണ, വേദന തൈലം മൈഗ്രൈൻ ഓയിൽ ഗ്യാസ്ട്രബിൾ അൾസർ , പനി മൂത്രക്കല്ല് എന്നിവയ്ക്കുള്ള മരുന്ന് എന്നിവയാണ് പ്രധാനമായും ഉള്ളത്. ഗോത്ര പാരമ്പര്യ ചികിത്സ പരിചയപ്പെടുത്തുന്നത് ഭാഗമായി ആവി കുളിയും ഇവിടെ സജ്ജീകരിച്ചിരുന്നു.

ജില്ലയിലെ ഗോത്ര ജനതയുടെ തനത് കാർഷിക പാരമ്പര്യം ജനങ്ങളിലേക്കെത്തിക്കുകയാണ് എൻ ഊര് ഗോത്ര പുരാതന കാർഷിക ഉപകരണ പ്രദർശത്തിലൂടെ .
പാടത്തും മറ്റുമായി നെല്ല് കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന കാർഷിക തനത് ഉപകരണങ്ങളാണ് പ്രദർശിപ്പിച്ചത്.ചെറിയ കൊമ്മ, ചെറിയ മക്കിരി, കലപ്പ, പാളതൊപ്പി, വറഞ്ച്, കൊമ്പ, വിയാണ,തൊട്ടിൽ, കുട്ട, ചുണ്ണാമ്പ് പാനി, മണിക്കോൽ, ചീല , അരിചൂൽ, അലച്ച, തെരിക തുടങ്ങി ഒരു കാലത്ത് ഗോത്ര ജനത ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ മഴക്കാഴ്ചയുടെ ഭാഗമായി പ്രദർശിപ്പിച്ചു.ഗോത്ര സ്വാദിന്റെ വൈവിധ്യങ്ങളാണ് എൻ ഊരിൽ ഒരുക്കിയത്.ഗോത്രശ്രീ ട്രൈബൽ കഫ്റ്റീരിയ, ഗദ്ദിക ഫുട്ബോൾ കോർട്ട് എന്നീ രണ്ടു ഗോത്ര ഭക്ഷണശാലകൾ ആണ് ഇവിടെ സജ്ജീകരിച്ചത്.ജില്ലാ കുടുംബശ്രീ മിഷന് നേതൃത്വത്തിലാണ് ഭക്ഷണശാലകളുടെ പ്രവർത്തനം .

പൂർണ്ണമായും തനത് ഗോത്രവിഭവങ്ങൾക്കാണ് പ്രാമുഖ്യം നൽകുന്നത്. റാഗി ചുരുൾ, ചിക്കൻ പൊള്ളിച്ചത്, ചിക്കൻ വന റാണി തുടങ്ങിയ പരമ്പര രാഗത ഗോത്രവിഭവങ്ങൾ മുതൽ ചായ, കാപ്പി, മാസാല കാപ്പി, ഊൺ, വിവിധ തരം ദോശകൾ എന്നിവയും കാണികൾക്കായി ഒരുക്കിയിട്ടുണ്ട്.മേളയുടെ ഭാഗമായി രണ്ട് ദിവസമായി വിവിധ ഗോത്രകലാ പരിപാടികളും അരങ്ങേറി. തുടി താളം ഗ്രൂപ്പിന്റെ നാടൻ പ്പാട്ടും കലകളും ഗദ്ദികയും എൻ ഊരിൽ കൗതകമായി.ഗോത്ര വയനാടിൻ്റെ തനത് ജീവിത പെരുമകളുമായി ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ എൻ ഊര് ഗോത്ര ചിത്ര പ്രദർശനം മഴ കാഴ്ചയുടെ ഭാഗമായി നടന്നു. ഫോട്ടോ- പെയിൻ്റിങ്ങ് ചിത്ര പ്രദർ നത്തിൽ ജില്ലയിലെ മാധ്യമ പ്രവർത്തകരുടെ മുപ്പതോളം ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ട പെയിൻ്റിങ്ങുകളുമാണ് പ്രദർശിപ്പിപ്പിച്ചത്.

കേരളത്തിൽ അധിവസിക്കുന്ന ഗോത്ര ജനതയുടെ പൈതൃകവും സംസ്ക്കാരവും സംരക്ഷിക്കുകയും പാരമ്പര്യ വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വേറിട്ടതും സ്ഥിരതയുള്ളതും വരുമാനദായകവുമായ സംരംഭമാണ് എൻ ഊര് ഗോത്ര പൈതൃക ഗ്രാമം. ഗോത്ര ജനതയുടെ വൈവിധ്യങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്താനാണ് എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലൂടെ.