പരിസ്ഥിതി ദിനാചരണ ഉദ്ഘാടനവും ഇടശ്ശേരി സ്മൃതി വന തൈ നടീലും മന്ത്രി നിര്‍വഹിച്ചു

മരങ്ങള്‍ നട്ടാല്‍ മാത്രം പോരാ അവ പരിപാലിക്കാനും സമയം കണ്ടെത്തണമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. തവനൂര്‍ പ്രതീക്ഷാഭവനില്‍ നടന്ന പരിസ്ഥിതി ദിനാചരണവും ഇടശ്ശേരി സ്മൃതി വന തൈ നടീലും ഫലവൃക്ഷത്തോട്ട നിര്‍മാണ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഇപ്പോഴത്തെ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് ആക്കംകൂട്ടുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് മനുഷ്യര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അത് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ഒരേ കുഴിയില്‍ തന്നെ മരം നടുന്ന സ്ഥിതിവിശേഷമുണ്ടെന്നും മരങ്ങള്‍ പരിപാലിക്കുന്നതിലാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിന്റെ പ്രിയ കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദന്‍നായരുടെ സ്മരണക്കായാണ് തവനൂര്‍ പ്രതീക്ഷാഭവനില്‍ ലോകപരിസ്ഥിതി ദിനത്തില്‍ സ്മൃതി വനം ഒരുക്കുന്നത്.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്മൃതിവനം നിര്‍മിക്കുന്നത്. നവര നെല്‍വിത്ത് പാകല്‍ തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ നിര്‍വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, തവനൂര്‍ ഗ്രാമപ്പഞ്ചായത്ത്, പ്രതീക്ഷാഭവന്‍, എച്ച്.എല്‍.എഫ്.പി.പി.ടി. എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ഗായത്രി അധ്യക്ഷയായി. തുടര്‍ന്ന് സമന്വയ എടപ്പാള്‍ അവതരിപ്പിച്ച കലാപരിപാടികളും കാപ്പി മലബാരി ബാന്റ് അവതരിപ്പിച്ച റിഥം സോങ്ങും ഉണ്ടായി.