ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് 5000 വൃക്ഷ തൈകൾ വിതരണം ചെയ്ത് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിനെ ഹരിതാഭമാക്കാൻ അണ്ടത്തോട് പ്ലാന്റ് നഴ്സറി. ഓരോ വാർഡിലേയ്ക്കും 180 തൈകൾ വീതം വിതരണം ചെയ്താണ് പദ്ധതി നടപ്പിലാക്കുന്നത്.
ബാക്കിവരുന്ന തൈകൾ പൊതുയിടങ്ങിലും റോഡരികിലും വച്ചുപിടിപ്പിക്കും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപയാണ് പദ്ധതിയുടെ നടത്തിപ്പിന് വിനിയോഗിച്ചത്.
പേര, നെല്ലി, മന്ദാരം, പൂവരിഷ്, കാറ്റാടി തുടങ്ങി തൈകളാണ് വിതരണത്തിനായി ഒരുക്കിയത്. ഏഴ് മാസത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രയത്നം കൂടിയാണ് തൈ വിതരണത്തിലൂടെ സഫലമാകുന്നത്. ഓരോ ദിവസവും 12 പേരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു വിത്ത് നടലും പരിപാലനവുമെല്ലാം. സോഷ്യൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നൽകിയ വിത്തുകൾ നവംബർ മാസം മുതലാണ് അണ്ടത്തോട് പി എ എച്ച് സി ക്ക് സമീപത്തുള്ള 15 സെന്റ് വരുന്ന സ്ഥലത്തെ നഴ്സറിയിൽ തയ്യാറാക്കിയത്. പഞ്ചായത്ത് ആദ്യമായാണ് ഇത്തരം പദ്ധതി നടപ്പിലാക്കുന്നത്.
സർക്കാർ നടപ്പിലാക്കുന്ന ഒരു കോടി ഫലവൃക്ഷതൈ വിതരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഒരു കോടി തൈകള്‍ ഉല്‍പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനും പൊതു സ്ഥലങ്ങളിൽ വെച്ചുപിടിപ്പിക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷമിടുന്നത്.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പഞ്ചായത്ത് തല വൃക്ഷതൈ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഇ കെ നിഷാർ അധ്യക്ഷത വഹിച്ചു. ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. മണികണ്ഠൻ,, ബ്ലോക്ക് മെമ്പർ ബിജു പള്ളിക്കര, വാർഡ് മെമ്പർ ഷംസു ചന്ദനത്, പഞ്ചായത്ത് സെക്രട്ടറി മണികണ്ഠൻ, ആയുഷ്ഗ്രാമം ഡോ.നിമ്മി, കൃഷി അസിസ്റ്റന്റ് സന്ദീപ്, തുടങ്ങിയവർ പങ്കെടുത്തു.