വംശനാശ ഭീഷണി നേരിടുന്ന കുളവെട്ടി മരങ്ങൾക്ക് ആവാസ വ്യവസ്ഥ ഒരുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയുമായി വരവൂർ ഗ്രാമപഞ്ചായത്ത്.പന്ത്രണ്ടാം വാർഡിലെ കൊറ്റുപുറത്തുള്ള കോഴിക്കോട്ട് കുളത്തിന്റെ സമീപമാണ് പദ്ധതി നടപ്പാക്കുന്നത്.  20 ഓളം കുളവെട്ടി തൈകളാണ് നട്ടുപിടിപ്പിച്ചത്.അൻപതിലധികം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഇതിനായുള്ള കുഴികൾ ഒരുക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ നടത്തിയത്.ഇതോടൊപ്പം നൂറോളം ഔഷധസസ്യങ്ങൾ ഉൾപ്പെടുന്ന ഔഷധ ഉദ്യാനവും ഒരുക്കുന്നുണ്ട്.

വരവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങ് പട്ടികജാതി പട്ടികവർഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓരോ ദിവസവും കൂടുതൽ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
കാലാവസ്ഥയിലും വലിയ വ്യതിയാനങ്ങൾ ഉണ്ടാകുകയാണെന്നും ഈ സാഹചര്യത്തിൽ ലോകം തന്നെ പരിസ്ഥിതി സംരക്ഷണത്തെ പറ്റി ചർച്ച ചെയ്യുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വളരെ അപൂർവമായ കുളവെട്ടി തൈകൾ തയ്യാറാക്കി നടാൻ പാകത്തിൽ ഒരുക്കിയത് ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി എം കെ ആൽഫ്രെഡും, ത്യശൂർ സെന്റ് തോമസ് കോളേജ് സസ്യശാസ്ത്ര വിഭാഗം അസി. പ്രൊഫ്ര.പി വി ആന്റോയും ചേർന്നാണ്.കുളവെട്ടി മരങ്ങൾ വളർന്ന് വലുതാകുന്നതോടെ വരവൂർ ജൈവ ഭൂപടത്തിൽ ഇടം നേടും.  ഔഷധിയിൽ നിന്ന് ലഭിച്ച നൂറോളം ഔഷധസസ്യങ്ങൾ കൊണ്ടാണ് ഔഷധ ഉദ്യാനം ഒരുക്കുന്നത്. തൊഴുലുറപ്പ് തൊഴിലാളികൾ തയ്യാറാക്കിയ അയ്യായിരം തൈകളിൽ മണിമരുത്, നിർമരുത്, നെല്ലി, പുളി, രക്തചന്ദനം , തേക്ക്, മാതളം, എന്നീ തൈകൾ വിവിധ വാർഡുകളിൽ  എ ഡി എസ് മുഖേന വിതരണവും ചെയ്യും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത അധ്യക്ഷത വഹിച്ച ചടങ്ങിൽ  വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ബാബു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദീപു പ്രസാദ്, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി കെ യശോദ മണി,
ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി എ ഹിദായത്തുള്ള ,ആയുർവേദ മെഡിക്കൽ ഓഫീസർ ജിഷ ജേക്കബ്, കേരള ഹരിത മിഷൻ ബ്ലോക്ക് കോഡിനേറ്റർ രമ്യ വി. ശേഖർ, വരവൂർ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം കെ ആൽഫ്രഡ് എന്നിവർ പങ്കെടുത്തു.