സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സോയില്‍ ലക്ഷ്യപ്രാപ്തിക്കായി നടത്തുന്ന മാതൃകാ മണ്ണ് പദ്ധതിക്ക് വടക്കേക്കാട് പഞ്ചായത്തില്‍ തുടക്കം. പദ്ധതിയുടെ ഭാഗമായി മണ്ണാരോഗ്യ കാര്‍ഡുകളുടെ വിതരണോദ്ഘാടനം (സോയില്‍ ഹെല്‍ത്ത് കാര്‍ഡ്) എന്‍ കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ പരിസ്ഥിതി ദിനാചരണത്തിന്റെയും കര്‍ഷക സംഗമത്തിന്റെയും ഉദ്ഘാടനം ടി എന്‍ പ്രതാപന്‍ എംപി നിര്‍വ്വഹിച്ചു. പുനര്‍ജ്ജനി 2021-22 പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മണ്ണാരോഗ്യം സംരക്ഷിക്കാന്‍ പഞ്ചായത്തും കൃഷിവകുപ്പും മണ്ണ് സംരക്ഷണ വകുപ്പും സംയുക്തമായി ഒരു വര്‍ഷം മുന്‍പ് പഞ്ചായത്തില്‍ ആരംഭിച്ച പദ്ധതിയാണ് പുനര്‍ജ്ജനി. പ്രളയം സൃഷ്ടിച്ച മണ്ണിലെ ആഘാതം മറികടന്ന് മണ്ണിന്റെ പോഷക സന്തുലിതാവസ്ഥയ്ക്കനുസൃതമായി മണ്ണറിഞ്ഞ് കൃഷി ചെയ്യാനാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. മണ്ണിലെ മൂലകങ്ങളുടെ പോരായ്മ കണ്ടെത്തി അത് പരിഹരിച്ച് കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, പഴയ ജൈവകൃഷിരീതി വീണ്ടെടുക്കുക തുടങ്ങിയവയാണ് ലക്ഷ്യം.

ജില്ലയില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇതിനായി പഞ്ചായത്തിലെ ഓരോ വാര്‍ഡിലും രണ്ടുവീതം വളണ്ടിയര്‍മാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കിവരുന്നുണ്ട്. ഇവരുടെ നേതൃത്വത്തില്‍ തയാറാക്കിയ 1200 കാര്‍ഡുകളാണ് ചടങ്ങില്‍ വിതരണം ചെയ്തത്. മൊബൈല്‍ ആപ്ലിക്കേഷനായ മാം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ജി.പി.ആര്‍.എസ്.വഴി അതാത് പ്രദേശത്തെ മണ്ണിന്റെ ഗുണനിലവാരം കണക്കാക്കുന്ന പരിശീലനവും പരിപാടിയുടെ ഭാഗമായി നടന്നു.

കൊമ്പത്തേല്‍ പടി മദ്രസത്തുല്‍ മുഹമ്മദിയ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി കെ ഫസലുല്‍ അലി അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ എന്‍ മനോജ് പുനര്‍ജ്ജനി 2021-22 പദ്ധതി വിശദീകരിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താഖ് അലി പഞ്ചായത്തിലെ ഉത്തമകര്‍ഷകരെ ആദരിച്ചു. വടക്കേക്കാട് പഞ്ചായത്തിന്റെ ഭൂവിഭവ ഭൂപടം പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം റഹീം വീട്ടില്‍ പറമ്പില്‍ നിര്‍വഹിച്ചു. ഞങ്ങളും കൃഷിലേയ്ക്ക് പദ്ധതിയിലേക്കുള്ള സൗജന്യ പച്ചക്കറി വിത്ത് വിതരണം വൈ.പ്രസിഡന്റ് പ്രീതി ബാബു, സൗജന്യ തൈ വിതരണം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജു പള്ളിക്കര, നഫീസ് കുട്ടി എന്നിവരും നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, വാര്‍ഡ് അംഗങ്ങള്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, വകുപ്പുദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.