പിന്തുണഗ്രാമങ്ങൾ ഒരുക്കുമെന്ന് മന്ത്രി

ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് സ്ഥിരവരുമാനം ഉറപ്പു വരുത്താനായി തൊഴിൽ പരിശീലനങ്ങൾ നൽകുമെന്നും അതിനായി സംസ്ഥാനത്ത് പിന്തുണഗ്രാമങ്ങൾ (അസിസ്റ്റീവ് വില്ലേജ് ) ഒരുക്കുമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. പ്രവർത്തനത്തിന്റെ മാതൃക എന്നോണം മൂന്ന് അസിസ്റ്റീവ് വില്ലേജുകൾ ഈ വർഷം തന്നെ ആരംഭിക്കും. അതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഭിന്നശേഷി കുട്ടികൾക്കായി മതിലകം ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ കുടുംബത്തിൽ മാത്രം പരിമിതപ്പെടുമ്പോൾ വിപരീതമായ ഫലങ്ങളാണ് അവർക്ക് നേരിടേണ്ടി വരുക. അവരുടെ പുനരധിവാസത്തിനുള്ള ഉത്തരവാദിത്വം സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും സമൂഹത്തിനുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്നത്.

ഭിന്നശേഷി സഹോദരങ്ങൾക്ക് മാനസികവും ശാരീരികവുമായ പരിമിതികളെ അതിജീവിക്കാൻ കൈത്താങ്ങായി സർക്കാർ ഒപ്പമുണ്ടാകും. ഭിന്നശേഷി സൗഹ്യദ അന്തരീക്ഷത്തിനായി നിരവധി പദ്ധതികളാണ് സർക്കാർ നടത്തിവരുന്നത്. സഹായ ഉപകരണങ്ങളുടെ വിതരണം, കാഴ്ച പരിമിതി നേരിടുന്നവർക്ക് വോയ്സ് എൻഹാൻസ് സ്മാർട്ട്ഫോണുകൾ, കേൾവി പരിമിതിയുള്ളവർക്ക് കോക്ലിയ ഇമ്പ്ലാറ്റേഷൻ, മുച്ചക്രവാഹന വിതരണം എന്നിവയാണ് അതിൽ പ്രധാനം. കൂടാതെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ തുടങ്ങിയവ ആധുനിക സാങ്കേതികവിദ്യകളെ ഉൾപ്പെടുത്തി മികച്ച സേവനങ്ങൾ നൽകിവരുന്നതായും മന്ത്രി പറഞ്ഞു. നിലവിൽ നിപ്മർ എല്ലാവിധ തെറാപ്പികളും ഉൾപ്പെടുത്തി ആവശ്യ ഘട്ടങ്ങളിൽ കുട്ടികളുടെ അരികിലേയ്ക്ക് സേവനം എത്തിക്കാൻ റിഹാബ് എക്സ്പ്രസുകൾ ആരംഭിച്ചിട്ടുണ്ടെന്നും വിദ്യാലയങ്ങളും പൊതുഇടങ്ങളും ഭിന്നശേഷിക്കാർക്ക് സാധ്യമാകുന്ന തരത്തിൽ നിർമ്മാണം നടത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

50 സെന്റ് സ്ഥലത്ത് 33 ലക്ഷ രൂപ ചെലവഴിച്ചാണ് 700 സ്ക്വയർഫീറ്റ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ബഡ്‌സ് സെന്റർ കെട്ടിടത്തിന് 64.5 ച.മീ. വിസ്തീർണ്ണം ഉണ്ട്‌. ആദ്യഘട്ടത്തിൽ പെരിഞ്ഞനം, മതിലകം, എസ് എൻ പുരം പഞ്ചായത്തുകളിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികൾക്കാണ് അവസരം നൽകുന്നത്.

ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മതിലകം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ വിശിഷ്ടാതിഥിയായി.