ഉത്തരവാദിത്തമത്സ്യബന്ധനം, കടൽസുരക്ഷ ബോധവൽക്കരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി ഫ്ലാഗ് ഓഫ്‌ ചെയ്തു

മത്സ്യബന്ധന മേഖലയിൽ അപകടരഹിതമായ വർഷമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ താനൂർ ഫിഷിങ് ഹാർബറിൽ സംഘടിപ്പിച്ച ഉത്തരവാദിത്തമത്സ്യബന്ധനം, കടൽ സുരക്ഷ ബോധവൽക്കരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഫ്ലാഗ് ഓഫ്‌ ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മൺസൂൺ മുന്നൊരുക്കത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹംപറഞ്ഞു.മത്സ്യത്തൊഴിലാളികളുടെ സുരക്ഷയിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മറ്റ് നാടുകളിൽ നിന്ന് വിഭിന്നമായി കേരളത്തിലെ മത്സ്യത്തൊഴിലാളികൾ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ട്. ഈ പ്രവണത ഒഴിവാക്കണമെന്നും വിലപ്പെട്ട ജീവൻ നഷ്ട്ടപെടുത്തരുതെന്നും മന്ത്രി ഓർമിപ്പിച്ചു. ഫിഷറീസ് വകുപ്പിന്റെ കീഴിൽ നിരവധി സഹായങ്ങളാണ് മത്സ്യത്തൊഴിലാളികൾക്ക് നൽകുന്നത്.സൗജന്യമായി ലൈഫ്ബോയ്, ലൈഫ്ജാക്കറ്റ്,75 ശതമാനം സബ്‌സിഡി നിരക്കിൽ ആധുനിക സുരക്ഷാ ഉപകരണങ്ങളായ സാറ്റ്ലൈറ്റ് ഫോൺ, ജി പി എസ് ഡാർട്ട് എന്നിവയും നൽകുന്നുണ്ട്.

ജൂൺ ഒൻപതിന് ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തെ തുടർന്ന് ഫൈബർ യാനങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവർ നിർബന്ധമായും ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, ബീക്കൺ എന്നിവ കരുതണം. കഴിഞ്ഞ വർഷം അപകടത്തിൽ പെട്ട് മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ട്ടപെടുന്ന സ്ഥിതിയുണ്ടായി. ഇത്തവണ അത്തരം അപകടങ്ങൾ ഒഴിവാക്കാൻ നിർബന്ധമായും സുരക്ഷാമുൻകരുതലുകൾ എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബോധവൽക്കരണത്തോടനുബന്ധിച്ച് ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് എന്നിവയുടെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ട് മോക്ഡ്രില്ലും അരങ്ങേറി.

മത്സ്യഫെഡ് ബോർഡ് അംഗം ഹനീഫാ മാസ്റ്റർ, ജില്ലാ മാനേജർ മനോജ്‌,ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോഹൂർ, അസിസ്റ്റന്റ് ഡയറക്ടർ അനിത, അസിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫീസർമാരായ അരുൺ ഷൂരി, കെ. പി. ഒ അംജദ്, ഹാർബർ എഞ്ചിനീയറിങ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രാജീവ്‌, എംപി അഷ്‌റഫ്‌, എം അനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

റെസ്ക്യൂ ഗാർഡുമാരായ അസ്ഹർ, യുനൈസ്, ജാഫർ, അൻസാർ എന്നിവരാണ് സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം വിശദീകരിക്കുന്ന മോക്ക് ഡ്രില്ലിൽ പങ്കെടുത്തത്.