ഉദ്ഘാടന ദിവസം പൊതുജനങ്ങള്‍ക്ക് ജയില്‍ സന്ദര്‍ശിക്കാം

തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ജൂണ്‍ 12ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉദ്ഘാടനദിവസം പൊതുജനങ്ങള്‍ക്ക് ജയില്‍ സന്ദര്‍ശിക്കാനുള്ള അവസരം നല്‍കുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചതായി ഡോ. കെ.ടി ജലീല്‍ എം.എല്‍.എ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടന ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ ഒരു മണിക്കൂര്‍ സമയമാണ് സന്ദര്‍ശകര്‍ക്കായി സമയം അനുവദിച്ചിട്ടുള്ളത്. അതീവ സുരക്ഷാ മേഖലയായതിനാല്‍ ഉദ്ഘാടനത്തിനുശേഷം ജയിലിനുള്ളില്‍ സന്ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, എം.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, ജയില്‍ ഡി.ജി.പി. സുധേഷ്‌കുമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും.

തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിന്റെ 7.56 ഏക്കര്‍ ഭൂമിയില്‍ മൂന്ന് നിലകളിലായാണ് ജയില്‍ സമുച്ചയം നിര്‍മിച്ചിട്ടുള്ളത്. മറ്റ് മൂന്ന് ജയിലുകളില്‍നിന്ന് വ്യത്യസ്തമാണ് പുതിയ ജയിലിന്റെ നിര്‍മാണം. ‘യു’ ആകൃതിയില്‍ മൂന്ന് നിലകളിലായാണ് നിര്‍മിച്ചിരിക്കുന്നത്. 35 കോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിലവിലെ സെന്‍ട്രല്‍ ജയിലുകളുടെ നിര്‍മാണ രീതിയില്‍നിന്ന് വ്യത്യസ്തമായി ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. മൂന്നു നിലകളോട് കൂടിയ പ്രധാന കെട്ടിടത്തില്‍ തടവുകാരെ താമസിപ്പിക്കുന്നതിനായി 34 ബാരക് സെല്ലുകളും 24 സെല്ലുകളുമുണ്ട്. ട്രാന്‍സ് ജെന്‍ഡേഴ്‌സിനായി രണ്ടു സെല്ലുകളും ഒരുക്കിയിട്ടുണ്ട്. 706 അന്തേവാസികളെ താമസിപ്പിക്കുവാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. തടവുകാര്‍ക്ക് ഫ്‌ളഷ് ടാങ്ക് സൗകര്യത്തോടെയുള്ള 84 ടോയ് ലെറ്റുകളും, ഷവര്‍ സൗകര്യത്തോടെയുള്ള 84 ബാത്ത് റൂമുകളും ഉണ്ട്. തടവുകാരെ താമസിപ്പിക്കുന്നതിന് 2746 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലവും അത്യാധുനിക രീതിയിലുള്ള അടുക്കളക്ക് വേണ്ടി ഒരു കെട്ടിടവും ഭരണ കാര്യങ്ങള്‍ക്ക് വേണ്ടി ഒരു കെട്ടിടവും നിലവിലുണ്ട്. തടവുകാരുടെ വിദ്യഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും തൊഴില്‍ ശാലകള്‍ക്കും വേണ്ടിയുള്ള റൂം സൗകര്യങ്ങളും മെയിന്‍ കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. ജയില്‍ മതിലിനകത്ത് 2.87 ഏക്കര്‍ സ്ഥലവും മെയിന്‍ കെട്ടിടത്തിനു ഉള്‍വശത്ത് 43 സെന്റോട് കൂടിയ വിശാലമായ നടുമുറ്റവും ഉണ്ട്. ജയില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് വേണ്ടി 11 പേരെ നിയമിച്ചിട്ടുണ്ടെന്നും 59 പേരെ ജോലി ക്രമീകരണ വ്യവസ്ഥയില്‍ മറ്റ് ജയിലുകളില്‍ നിയമിച്ചിട്ടുള്ളതായും 200 ഓളം വരുന്ന തടവുകാരെയാണ് ആദ്യ ഘട്ടത്തില്‍ ജയിലില്‍ പാര്‍പ്പിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.

തവനൂരില്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തവനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ്, ഉത്തരമേഖല ജയില്‍ ഡി.ഐ.ജി. സാം തങ്കയ്യന്‍, ജയില്‍ സൂപ്രണ്ട് ഇന്‍ചാര്‍ജ് കെ.വി. ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.