സർ സി.പി ഉൾപ്പടെ പുരുഷാധിപത്യത്തിനെത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോയിരുന്ന ആളായിരുന്നു ആനി മസ്ക്രീൻ എന്നത് എക്കാലത്തും ചരിത്രത്താളുകളിൽ നിന്ന് കാണാൻ കഴിയുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ. സ്വാതന്ത്ര്യത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച് ജയിക്കാൻ കഴിഞ്ഞു എന്നതിൽ നിന്നുതന്നെ ആനി മസ്ക്രീൻ്റെ സ്വീകാര്യത എത്രമാത്രമായിരുന്നുവെന്ന് മനസിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനിയും കേരളത്തിലെ ആദ്യ വനിതാ മന്ത്രിയുമായിരുന്ന ആനി മസ്ക്രീൻ്റെ 120 ആം ജന്മ വാർഷികത്തോടനുബന്ധിച്ച് “ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ആനിമസ്ക്രീനും” എന്ന വിഷയത്തിൽ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. സാംസ്കാരിക വകുപ്പ് ഡയറക്ടർ മുഹമ്മദ് റിയാസ്, സാംസ്കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അജിത് ബാബു, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, മഹാരാജാസ് കോളേജിലെ ചരിത്രവിഭാഗം മേധാവി ഡോ. എ.എം. ഷിയാസ്, കൊച്ചി കോർപ്പറേഷൻ കൗൺസിലർ പത്മജ എസ്. മേനോൻ എന്നിവർ സംസാരിച്ചു.

ഇന്ത്യൻ ഭരണഘടനയിൽ ഒപ്പുവെച്ച വനിത, നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യവനിത, മന്ത്രിസഭയിൽനിന്നു രാജിവച്ച ആദ്യ വനിത തുടങ്ങി കേരള രാഷ്ട്രീയത്തിലെ നിരവധി ബഹുമതികൾക്ക് ഉടമയുമായിരുന്നു ആനി മസ്ക്രീൻ. സ്വാതന്ത്യ ദിനത്തിൻ്റെ 75 ആം വാർഷികത്തിൻ്റെ ഭാഗമായി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചേർന്ന് നടത്തുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സെമിനാർ സംഘടിപ്പിച്ചത്.