ഫോര്‍ട്ട്‌കൊച്ചിയുടെ ടൂറിസം ആകര്‍ഷണീയതകള്‍ അടയാളപ്പെടുത്തിയ വെര്‍ച്വല്‍ ട്രാവല്‍ ഗൈഡി(ഇ ബ്രോഷര്‍)ന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഫോര്‍ട്ട്‌കൊച്ചി ഗ്രീനിക്‌സ് വില്ലേജില്‍ നടന്ന ചടങ്ങില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമായ ഇ ബ്രോഷര്‍ ടൂറിസം കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ വിനോദ സഞ്ചാരികള്‍ക്ക് ലഭിക്കും.

ഫോര്‍ട്ട്‌കൊച്ചിയെ കൂടാതെ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്ര വിവരങ്ങള്‍ അടങ്ങിയ വെര്‍ച്ച്വല്‍ ട്രാവല്‍ ഗൈഡ് ടൂറിസം വകുപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു. ആദ്യപടിയായാണ് ഫോര്‍ട്ട്‌കൊച്ചിയുടെ വിവരങ്ങള്‍ അടങ്ങിയ വെര്‍ച്ച്വല്‍ ട്രാവല്‍ ഗൈഡ് പുറത്തിറക്കിയത്. സാങ്കേതിക വിദ്യയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഇത് ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ വിദേശത്തെയും വിമാനത്താവളങ്ങളില്‍ ഫോര്‍ട്ട്‌കൊച്ചിയെക്കുറിച്ചുള്ള ക്യൂ ആര്‍ കോഡ് ലഭ്യമാകും. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഇത്തരത്തില്‍ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുവാനാണ് വകുപ്പ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ ഏത് ടൂറിസ്റ്റ് കേന്ദ്രത്തെക്കുറിച്ചും ആവശ്യമായ വിവരങ്ങള്‍ വിനോദ സഞ്ചാരികള്‍ക്ക് ലഭ്യമാകും. അവിടത്തെ പ്രധാന സ്ഥലങ്ങള്‍, പ്രത്യേകതകള്‍, താമസ സ്ഥലങ്ങള്‍, യാത്രാ സൗകര്യങ്ങള്‍ തുടങ്ങിയ എല്ലാവിവരങ്ങളും ലഭിക്കുന്ന തരത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്. ജനങ്ങളും വിനോദ സഞ്ചാരികളും ടുറിസം വകുപ്പും കൂടുതല്‍ കൂടുതല്‍ അടുക്കുക എന്ന കാഴ്ചപ്പാടാണ് ടൂറിസം വകുപ്പിനുള്ളത്. അകല്‍ച്ച ഇല്ലാതാക്കുവാനുള്ള പ്രധാന സംവിധാനം സാങ്കേതിക വിദ്യയാണെന്ന് കണ്ടെത്തിയിരുന്നു. അതിന്റെ ഭാഗമായി ഒട്ടേറെ നീക്കങ്ങള്‍ വകുപ്പ് നടത്തി. മായാ വാട്ട്‌സാപ്പ് ചാറ്റ് ബോക്‌സ് ഇതിലൊന്നാണ്. ഈ ചാറ്റ്‌ബോക്‌സിലൂടെ കേരളത്തിന്റെ ടൂറിസവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും മനസിലാക്കുവാന്‍ കഴിയും. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിനും ഇത് അവകാശപ്പെടാന്‍ കഴിയില്ല. സഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷകത്വമുള്ള പദ്ധതിയായി മായാ ചാറ്റ്‌ബോക്‌സ് സംവിധാനം മാറി. അതിന്റെ തുടര്‍ച്ചയാണ് വെര്‍ച്വല്‍ ട്രാവല്‍ ഗൈഡ്.

കേരളത്തിന്റെ ടുറിസം മേഖല വലിയ വളര്‍ച്ച പ്രതീക്ഷിക്കുന്ന സമയമാണിത്. കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധികളെ മറികടന്നാണ് നമ്മള്‍ മുന്നേറ്റത്തിന് ശ്രമിക്കുന്നത്. സുരക്ഷിതമായ യാത്ര സുരക്ഷിതമായ താമസം എന്നിവ മുന്നില്‍ക്കണ്ടാണ് കാരവാന്‍ ടുറിസം പദ്ധതി പ്രാവര്‍ത്തികമാക്കിയത്. ഇതിന് ലോകാത്താകെ സ്വീകാര്യത ലഭിച്ചു. ടുറിസ്റ്റ് കേന്ദ്രങ്ങള്‍ വാക്‌സിനേറ്റഡ് ചെയ്തു. ബയോബബിള്‍ സംവിധാനവും കൊണ്ടുവന്നു. സുരക്ഷിത കേരളം, സുരക്ഷിത ടുറിസം എന്ന സന്ദേശത്തിന് വലിയ പ്രചാരം ലഭിച്ചു. 2021-2022 വര്‍ഷത്തില്‍ 75,37,617 ആഭ്യന്തര ടൂറിസ്റ്റുകളാണ് എത്തിയത്. 2022 ആദ്യപാദത്തില്‍ 38 ലക്ഷം ആഭ്യന്തര ടുറിസ്റ്റുകള്‍ എത്തി. ഈ വര്‍ഷം ഇനിയും സാധ്യതകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.