താൻ പുകവലിക്കില്ല, മദ്യം ഉപയോഗിക്കില്ല എന്ന് ഓരോ വിദ്യാർഥിയും സ്വയം തീരുമാനിച്ച് പ്രതിജ്ഞയെടുക്കണമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ലഹരി ഉപയോഗിക്കില്ലെന്ന് സ്വയം ഉറപ്പിച്ചാൽ മറ്റൊരു ശക്തിക്കും നമ്മളെ വഴിതെറ്റിക്കാൻ കഴിയില്ല. അല്പാല്പമായി ലഹരി ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്ന തരത്തിൽ കലാലയങ്ങളിലും സ്കൂളുകളിലും ഹോസ്റ്റലുകളിലുമെല്ലാം ഇപ്പോൾ വ്യാപകമായി ഒരുതരം പ്രചാരണം നടക്കുന്നുണ്ട്. ചെറിയ തോതിൽ ലഹരി ഉപയോഗിച്ചാൽ ഊർജ്ജവും കാര്യക്ഷമതയും കൈവരുമെന്ന് പറഞ്ഞാണ് പുതിയ ആളുകളെ കെണിയിൽ വീഴ്ത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

എറണാകുളം സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ റിച്ച് മാക്സ് ഇന്റഗ്രേറ്റഡ് ഫൗണ്ടേഷനും വാലത്ത് ജ്വല്ലേഴ്സും ചേർന്ന് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ നടത്തുന്ന ‘ഞാനുമുണ്ട് ലഹരിക്കെതിരെ’ എന്ന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.ഡി.എം.എ പോലുള്ള ലഹരി വസ്തുക്കൾ ഒരു തവണ ഉപയോഗിച്ചാൽ ജീവിതാവസാനം വരെ അടിമപ്പെട്ട് പോകാൻ സാധ്യത ഏറെയാണ്. ഇന്ന് സമൂഹത്തിൽ നടക്കുന്ന പല ക്രൂരകൃത്യങ്ങളും പരിശോധിച്ചാൽ അതിന് പിന്നിലെ സ്വാധീനശക്തി അനധികൃത ലഹരി വസ്തുക്കളാണെന്ന് കാണാം. ലഹരി ഒരു സാമൂഹ്യ പ്രശ്നമായി മാറുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ലഹരിക്കെതിരെ സർക്കാർ തലത്തിൽ പലവിധ പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്. വിമുക്തി പദ്ധതി വിജയകരമായി പുരോഗമിക്കുകയാണ്. എങ്കിലും സമൂഹത്തിന്റെ എല്ലാ തലത്തിൽ നിന്നുള്ള സഹകരണവും പിന്തുണയും കൂടി ഉണ്ടെങ്കിലേ ലഹരിക്കെതിരെയുള്ള പോരാട്ടം പൂർണതയിൽ എത്തൂ. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരെ ഒറ്റയടിക്ക് അതിൽ നിന്ന് വേർപെടുത്താൻ കഴിയില്ല. ഘട്ടം ഘട്ടമായി വേണം അത് ചെയ്യാൻ. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് ഏറെ സംഭാവന ചെയ്യാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്‌ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പതാക റിച്ച്മാക്‌സ് അധികൃതർക്ക് മന്ത്രി കൈമാറി.ടി. ജെ. വിനോദ് എം.എൽ.എ ലഹരിവിരുദ്ധ സന്ദേശം നൽകി. റിച്ച് മാക്സ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. ജോർജ് ജോൺ വാലത്ത് അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ വിഭാഗം ജനറൽ മാനേജർ ഫാ.മൈക്കിൾ ഡിക്രൂസ്, സെന്റ്. ആൽബർട്ട്സ് എച്ച്. എസ്. എസ് ഹെഡ്മാസ്റ്റർ വി.ആർ. ആന്റണി, റിച്ച്മാക്‌സ് ഫൗണ്ടേഷൻ പ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ ചലച്ചിത്ര സംഗീത സംവിധായകൻ ശങ്കർ ശർമ്മ ഒരുക്കി യുവഗായകൻ ഫൈസൽ റാസി ആലപിച്ച “ടീനേജ് കാലം’ എന്ന ലഹരിവിരുദ്ധ പ്രചാരണഗാനവും പുറത്തിറക്കി.