അടിയന്തര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് പറഞ്ഞു. സ്കൂളുകളിലെ ഗണിത ലാബുകളിലേക്കുള്ള ലാപ്ടോപ്പ് വിതരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു പ്രസിഡൻ്റ്.

അതാത് സ്കൂളുകളിലെ പ്രധാന അധ്യാപകർക്കാകും ഈ ഫണ്ട് ഉപയോഗിക്കുന്നതിനുള്ള ചുമതല നൽകുന്നതെന്നും ചെറിയ രീതിയിലുള്ള അറ്റകുറ്റപ്പണികളും പഠനോപകരണങ്ങളുടെയും കംപ്യൂട്ടറുകളുടെയും സാങ്കേതിക പ്രശ്നങ്ങൾ ഉൾപ്പടെയുള്ളവ എത്രയും വേഗം പരിഹരിച്ച് അധ്യയനം സുഖമമാക്കാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ജില്ലയിലെ സ്കൂളുകളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായി മൂന്ന് ഗ്രേഡുകളായി തരം തിരിച്ച് പരിഗണന വേണ്ട സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിനും പഠന നിലവാരം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ പ്രവർത്തനങ്ങൾ നടത്തും. ഏറ്റെടുക്കുന്ന വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.