വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതുമുതലുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ച് വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും വേണ്ടത്ര അവബോധമുണ്ടാക്കാനും വോട്ടിംഗ് മെഷീന്‍, വിവിപാറ്റ്, തുടങ്ങിയവയുടെ പ്രവര്‍ത്തനം മനസ്സിലാക്കുന്നതിനും ധാര്‍മികമായി വോട്ടവകാശം രേഖപ്പെടുത്തുന്നതിന് വോട്ടറെ മാനസികമായി തയ്യാറാക്കുന്നതിനും തെരഞ്ഞെടുപ്പു സാക്ഷരതാ ക്ലബ്ബുകള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാനാവുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു. വോട്ടിംഗ് നടപടികളില്‍ പങ്കാളികളാകേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപ്പാക്കുന്ന തെരഞ്ഞടുപ്പ് സാക്ഷരതാ ക്ലബ്ബുകളുടെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
14 മുതല്‍ 19 വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷിക്കാര്‍ അടക്കമുള്ള വിവിധ ജനവിഭാഗങ്ങള്‍ക്കും തെരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ച് അവബോധം നല്‍കുന്നതിന് തെരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകളുടെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള രണ്ടു ദിവസത്തെ പരിശീലനപരിപാടിക്കാണ് തിരുവനന്തപുരം തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് റിസോഴ്സ് സെന്ററില്‍ തുടക്കമായത്.
തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ കേരളത്തിലെ ജനങ്ങളുടെ പങ്കാളിത്തം 76, 77 ശതമാനത്തോളമാണ്. ഇത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണെങ്കിലും അവശേഷിക്കുന്ന വോട്ടര്‍മാരെക്കൂടി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കേണ്ടതുണ്ടെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറഞ്ഞു. ചില മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. വിദ്യാര്‍ത്ഥികള്‍ക്ക് ജനാധിപത്യപ്രക്രിയയെക്കുറിച്ച് അവബോധം നല്‍കുന്നതിന് സിലബസില്‍ ജനാധിപത്യത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ, വിദ്യാര്‍ത്ഥികളെയും വിവിധ ജനവിഭാഗങ്ങളെയും ബോധവത്കരിക്കുന്നതിനാണ് തെരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകള്‍ ആരംഭിക്കുന്നത്.
സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം നാഷണല്‍ മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തിലാണ് നടത്തുന്നത്. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കും നോഡല്‍ ഓഫീസര്‍മാര്‍ക്കും പരിശീലനം നല്‍കും. വിവിധ വിദ്യാലയങ്ങളില്‍നിന്നുള്ള അധ്യാപകരായിരിക്കും നോഡല്‍ ഓഫീസര്‍മാര്‍. ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ 14 മുതല്‍ 19 വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലൂന്നിയ രസകരമായ ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ അധ്യാപകരെ പ്രാപ്തരാക്കാനാണ് സാക്ഷരതാ ക്ലബ്ബുകളിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇംഗ്ലീഷിലും ഹിന്ദിയിലും തയ്യാറാക്കിയ ഏഴു പുസ്തകങ്ങള്‍ പഠന സാമഗ്രികളായുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകങ്ങള്‍ സംസ്ഥാനത്തെ പരിശീലനത്തിനായി ഉപയോഗിക്കും. വിദ്യാര്‍ത്ഥികള്‍ക്കു പുറമേ ഭിന്നശേഷിക്കാര്‍, ആദിവാസി വിഭാഗങ്ങള്‍, പ്രവാസികള്‍ എന്നീ വിഭാഗങ്ങളെ പൂര്‍ണമായും വോട്ടെടുപ്പിന്റെ പ്രസക്തി ബോധ്യപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായിരിക്കും തെരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുക.