രാജ്യത്തിന് അതിപ്രഗത്ഭനായ പാർലമെന്റേറിയനെയാണ് സോമനാഥ് ചാറ്റർജിയുടെ വേർപാടിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പത്തു തവണ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർലമെന്റിൽ ഇടുതപക്ഷത്തിന്റെ ഉറച്ച ശബ്ദമായിരുന്നു. നിർണായക ഘട്ടങ്ങളിലടക്കം ദീർഘകാലം അദ്ദേഹം പാർലമെന്റിൽ സിപിഐഎമ്മിനെ നയിച്ചു.

കേന്ദ്ര സർക്കാരുകളുടെ അനീതിയും ജനവിരുദ്ധ നയങ്ങളും തുറന്നു കാട്ടുന്നതിൽ പാർലമെന്റിന്റെ വേദി അദ്ദേഹം സമർഥമായി ഉപയോഗിച്ചു. ജനവിരുദ്ധമായ നിയമനിർണങ്ങളെ എതിർത്തു പരാജയപ്പെടുത്തുന്നതിലും ജനക്ഷേമകരമായ നിയമങ്ങൾ രൂപപ്പെടുത്തുന്നതിലും നിയമപണ്ഡിതൻ കൂടിയായ അദ്ദേഹം വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടും. കുപ്രസിദ്ധമായ ബൊഫോഴ്‌സ് ഇടപാട് ഉൾപ്പെടെയുളള അഴിമതികൾ തുറന്നുകാണിക്കുന്നതിൽ സോമനാഥിന്റെ ഇടപെടലുകൾ നിർണായകമായിരുന്നു.

പാർലമെന്ററി ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും കടുത്ത വെല്ലുവിളി നേരിടുന്ന വേളയിൽ സോമനാഥിന്റെ നിര്യാണം വലിയ നഷ്ടം തന്നെയാണ്. എല്ലാ വിഭാഗമാളുകളുടെയും ബഹുമാനം ആർജിച്ച വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെത്. ലോക്‌സഭയിലെ സംവാദങ്ങൾ ഉയർന്ന നിലവാരത്തിലേക്ക് കൊണ്ടുപോകുന്നതിന് സോമനാഥ് നൽകിയ സംഭാവനകൾ എടുത്തു പറയേണ്ടതാണ്. പാർലമെന്ററി പ്രവർത്തനത്തിന് ഉദാത്ത മാതൃകയായിരുന്നു സോമനാഥ് എന്നും മുഖ്യമന്ത്രി പറഞ്ഞു.