സംസ്ഥാന പുരാവസ്തു, പുരാരേഖ വകുപ്പിന്റെ ഭരണ നിർവഹണം കാര്യക്ഷമമാക്കുന്നതിനായി ഓഫീസ് സംവിധാനം ആധുനികവത്കരിക്കുന്നു. വകുപ്പിന്റെ ഇ-ഓഫീസ് ഫയൽ മാനേജ്മെന്റ് സിസ്റ്റം, ഇ-പേയ്മെന്റ് എന്നിവയുടെ ഉദ്ഘാടനം 9ന് രാവിലെ 11 ന് പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്ന ചടങ്ങളിൽ അഡ്വ.വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും.
ഭരണ നിർവഹണം ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നത് വഴി വകുപ്പിന്റെ പ്രവർത്തനം കുടുതൽ വേഗത്തിലും കാര്യക്ഷമമായും നടപ്പിലാക്കാനും ഇ-പേയ്മെന്റ് സംവിധാനത്തിലൂടെ സൗകര്യപ്രദമായ രീതിയിൽ പൊതുജനങ്ങൾക്ക് സേവനം നൽകാനും സാധിക്കും. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടമെന്ന നിലയിലാണ് ഐടി മിഷൻ നിർദ്ദേശിച്ച പ്രകാരമുള്ള സംവിധാനങ്ങളുമായി പൂർണമായും പുരാരേഖ വകുപ്പിന്റെ ഡയറക്ട്രേറ്റ് ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നത്.
സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടർ രജികുമാർ .ജെ, വാർഡ് കൗൺസിലർ ഡോ.റീന കെ.എസ്, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, കേരള ചരിത്ര പൈതൃക മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻ പിള്ള, സംസ്ഥാന പുരാരേഖ വകുപ്പ് എഡിറ്റോറിയൽ കമ്മിറ്റി ചെയർമാൻ പ്രൊഫ.വി കാർത്തികേയൻ നായർ, സംസ്ഥാന പുരാരേഖ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി.ബിജു എന്നിവർ ചടങ്ങിൽ പങ്കെടുക്കും.