നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി നെന്‍മേനി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്റേയും ശുചിത്വ മിഷന്റേയും സഹകരണത്തോടെ എടക്കല്‍ ഗുഹയിലെ മാലിന്യ സംസ്‌കരണത്തിന് പുതിയ കര്‍മ്മപദ്ധതി ഒരുങ്ങുന്നു. ജില്ലയിലെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലേയും അജൈവ മാലിന്യം അതത് തദ്ദേശസ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേനയ്ക്കു മാത്രം കൈമാറുന്ന പദ്ധതി 14 ടൂറിസം കേന്ദ്രങ്ങളിലും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് എടക്കല്‍ ഗുഹയിലെ അജൈവമാലിന്യം ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുന്നത്. നിലവില്‍ ഡി.ടി.പി.സിയുടെ ഉടമസ്ഥതയിലുള്ള ഭാഗത്തെ അജൈവ മാലിന്യം ജീവനക്കാര്‍ ശേഖരിച്ച് പ്രത്യേകം തരംതിരിച്ച് നെന്‍മേനി ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച യൂസര്‍ ഫീ നിരക്കില്‍ ഹരിത കര്‍മ്മസേനക്ക് കൈമാറുന്നുണ്ട്. ഗുഹാ പരിസരത്തെ റോഡുകളില്‍ വലിച്ചെറിയുന്ന മാലിന്യം ഒരു പ്രശ്‌നമായതിനാല്‍ എങ്ങനെ പരിഹരിക്കണമെന്ന് ആലോചിക്കുന്നതിനും വ്യാപാര വ്യവസായ സ്ഥാപനങ്ങളിലെ മാലിന്യനീക്കം ചര്‍ച്ചചെയ്യുന്നതിനും നെന്‍മേനി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്റേയും ശുചിത്വമിഷന്റേയും സഹകരണത്തോടെ ഗുഹാ പരിസരത്തെ വ്യാപാരികളുടെ യോഗം ചേര്‍ന്നിരുന്നു.
വ്യാപാരികള്‍ അവരുടെ സ്ഥാപനങ്ങളിലെ അജൈവ മാലിന്യം കൃത്യമായി തരംതിരിച്ച് പഞ്ചായത്ത് നിശ്ചയിച്ച യൂസര്‍ ഫീ നിരക്കില്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറും. പേപ്പര്‍, ഗ്ലാസ്സ്, പേപ്പര്‍ പ്ലേറ്റ് പോലെയുള്ള വസ്തുക്കള്‍ ഒഴിവാക്കും. എടക്കല്‍ ഗുഹാ പരിസരത്തെ കച്ചവടസ്ഥാപനങ്ങളില്‍ നിന്ന് ടൂറിസ്റ്റുകള്‍ക്ക് പ്ലാസ്റ്റിക് കവറുകളില്‍ വിതരണം ചെയ്യുന്ന എല്ലാ ചെറിയ സ്‌നാക്‌സ്, ഉപ്പിലിട്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ ഇനി മുതല്‍ കാപ്പി ഇലയിലാകും നല്‍കുക. എടക്കല്‍ ഗുഹയില്‍ ഉണ്ടാകുന്ന മാലിന്യത്തിന്റെ തോത് അനുസരിച്ച് ആവശ്യമെങ്കില്‍ മാസത്തില്‍ രണ്ട് തവണ ഹരിത കര്‍മ്മസേന അജൈവമാലിന്യങ്ങള്‍ ശേഖരിക്കും.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വ്യാപാരികളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ എടക്കല്‍ ഗുഹാപരിസരം ശുചീകരിച്ചു. ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നെന്‍മേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടി നിര്‍വ്വഹിച്ചു.