ജില്ലാ ഭരണകൂടവും ജില്ലയിലെ പൊതുമേഖല വാണിജ്യ ബാങ്കുകളും സംയുക്തമായി സംഘടിപ്പിച്ച സമൃദ്ധി വായ്പാമേള സബ് കളക്ടർ രാജീവ് കുമാർ ചൗധരി ഉദ്ഘാടനം ചെയ്തു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്.
കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ കോട്ടയം ജില്ലാ എസ്.ബി. ഐ. ഡി.ജി.എം. സുരേഷ് വാക്കിയിൽ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി, നബാർഡ് ഡി.ഡി.എം. റെജി വർഗീസ്, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് മിനിമോൾ ലിസ് തോമസ്, കാനറാ ബാങ്ക് റീജണൽ മേധാവി പി.വി. ജയകുമാർ, എസ്.ബി.ഐ. എ.ജി.എം. സുരേഷ് തോമസ്, ആർസെറ്റി ഡയറക്ടർ സുനിൽ ദത്ത്, മറ്റ് ബാങ്കുകളുടെ ഉന്നതാധികാരികൾ, വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ജനങ്ങളെ കൂടുതൽ ബാങ്കുകളുമായി അടുപ്പിക്കുക, സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ബോധവത്ക്കരിക്കുക, കൂടുതൽ വായ്പ വിതരണം ചെയ്യുക എന്നിവയായിരുന്നു മേളയുടെ ലക്ഷ്യം. വിവിധ വായ്പയുടെ അനുമതിപത്രങ്ങൾ വിതരണം ചെയ്തു. പുതുതായി വായ്പ എടുക്കേണ്ടവർക്ക് അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യങ്ങൾ, ആധാർ സേവാ കേന്ദ്രം, കസ്റ്റമർ സർവീസ് പ്രൊവൈഡർ, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ എന്നിവരുടെ സേവനം എന്നിവയും മേളയിൽ ലഭ്യമായിരുന്നു.